കൊല്ലം: പുറങ്കടലിൽ മുങ്ങിയ ലൈബീരിയൻ ചരക്ക് കപ്പൽ എം.എസ്.സി എൽസ 3യിൽ നിന്ന് ഇന്ധനം വീണ്ടെടുക്കുന്ന ദൗത്യത്തിൽ ഏർപ്പെട്ടിരുന്ന സാൽവേജ് ഓപ്പറേഷൻ യാനങ്ങൾ വീണ്ടും കൊല്ലം പോർട്ടിൽ മടങ്ങിയെത്തി. ഇന്ധനവും ചെളിയും കടൽ ജലവും നിറഞ്ഞ നേരിയ ഷെല്ലുകൾ മാത്രമാണ് ഇതുവരെ വീണ്ടെടുക്കാനായത്.
ഓഫ്ഷോർ മൊണാർക്ക് ഇന്നലെ രാവിലെ 9 ഓടെയും സതേൺ നോവ 11 ഓടെയുമാണ് കൊല്ലം പോർട്ടിൽ നങ്കൂരമിട്ടത്. വീണ്ടെടുത്ത ഷെല്ലുകൾ പിന്നീട് കസ്റ്റംസിന് കൈമാറും. ഇന്ധനം വീണ്ടെടുക്കൽ തുടരാനാകാത്ത വിധം കടൽ പ്രക്ഷുബ്ധമായതിനാലാണ് ഇരു യാനങ്ങളും മടങ്ങിയെത്തിയത്. തണുത്തുറഞ്ഞ ഇന്ധനം ശേഖരിക്കാൻ കപ്പലിന്റെ ഇന്ധന ടാങ്കിന്റെ ഭാഗം ചൂടാക്കാനുള്ള ശ്രമം പുരോഗമിക്കവെയാണ് കടൽ വീണ്ടും പ്രക്ഷുബ്ധമായത്. കാലാവസ്ഥ അനുകൂലമായ ശേഷമേ വീണ്ടും ദൗത്യസ്ഥലത്തേക്ക് പോകൂ.
കൊല്ലം പോർട്ടിന്റെ
വരുമാനം കാൽക്കോടി
മുങ്ങിയ കപ്പലിൽ നിന്നും കടലിൽ വീണ് തീരത്തടിഞ്ഞ കണ്ടെയ്നറുകൾ സൂക്ഷിക്കുന്നതിന്റെ വാടക, സാൽവേജ് ഓപ്പറേഷൻ യാനങ്ങളുടെ ബെർത്ത് ഫീസ് തുടങ്ങിയ ഇനങ്ങളിൽ കൊല്ലം പോർട്ടിന് ഇതുവരെ ഏകദേശം 25 ലക്ഷം രൂപ വരുമാനം ലഭിച്ചു.