കൊല്ലം: മദ്യലഹരിയിൽ യുവാവ് ഓടിച്ച കാർ ബൈക്കുകളും വൈദ്യുതി തൂണുകളും ഇടിച്ചുതകർത്തു. വെള്ളിയാഴ്ച രാത്രി 9.30ന് കുറ്റിച്ചിറ വെള്ളാപ്പി അമ്പലത്തിനും എസ്.എൻ പബ്ലിക് സ്കൂളിന് ഇടയിലുമാണ് അപകടം. ചേർത്തല സ്വദേശി ജോബി ഓടിച്ച കാറാണ് അപകടമുണ്ടാക്കിയത്. ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾക്ക് ഗുരുതരമായി പരിക്കേറ്റു.
പരിക്കേറ്റ കേരളപുരം സ്വദേശി ജസീമിന്റെ കാൽ മുറിച്ചുമാറ്റേണ്ടി വന്നു. യുവാവിന്റെ കൈയ്ക്കും ഗുരുതരമായി പരിക്കേറ്റു. മറ്റൊരു ബൈക്ക് യാത്രക്കാരന് ദേഹമാസകലം മുറിവേറ്റു. ഇരുവരും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കാർ സമീപത്തെ നാല് വൈദ്യുതി തൂണുകളും ഇടിച്ചുതകർത്തു. ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തിയെങ്കിലും വൈദ്യുതി കമ്പികൾ പൊട്ടിവീണ് വെളിച്ചം ഇല്ലാത്തതിനാൽ എത്ര പേരാണ് അപകടത്തിൽപ്പെട്ടതെന്ന് കണ്ടെത്താനായില്ല. പിന്നീട് നാട്ടുകാർ മൊബൈൽ ഫോൺ വെളിച്ചത്തിലാണ് ബൈക്ക് യാത്രക്കാരെ കണ്ടെത്തി ആശുപത്രിയിൽ എത്തിച്ചത്.
ജസീമിന്റെ അവസ്ഥ ഗുരുതരമായതിനാൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് കിളികൊല്ലൂർ പൊലീസ് എത്തി ജോബിയെ കസ്റ്റഡിയിലെടുത്തു. വൈദ്യ പരിശോധനയിൽ ഇയാൾ മദ്യലഹരിയിലായിരുന്നുവെന്ന് വ്യക്തമായി. ജോബിക്കെതിരെ പൊലീസ് കേസെടുത്തു. ഇന്നലെ വൈകിട്ടോടെയാണ് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചത്.