ചാവക്കാട്: പുന്നയൂർ അകലാട് ഒറ്റയിനി സെന്ററിലെ ദേശീയപാത അടിപ്പാതക്ക് താഴെ തൊഴിലാളികളുടെ അനധികൃത താമസം ദുരിതമാകുന്നു. ദേശീയപാത നിർമ്മാണ കരാർ ഏറ്റെടുത്തിട്ടുള്ള കരാറുകാരുടെ തൊഴിലാളികളാണ് ഇവിടെ പകുതിയോളം സ്ഥലം എടുത്ത് അനധികൃതമായി താമസം തുടരുന്നത്. ഇതോടെ റോഡിന് വീതി കുറഞ്ഞതിനാൽ ഇതുവഴിയുള്ള യാത്ര ദുസ്സഹമാണ്. പലപ്പോഴും വാഹനങ്ങളുടെ നീണ്ട നിരസ്ഥിരം കാഴ്ച്ചയാണ്. പഞ്ചായത്ത് ഓഫീസ്,വില്ലേജ് ഓഫീസ്,വിവിധ സ്‌കൂളുകൾ തുടങ്ങി വിവിധ സ്ഥാപനങ്ങളിലേക്ക് ഉൾപ്പെടെ നിരവധി വാഹനങ്ങൾ ഇതുവഴിയാണ് കടന്നുപോകുന്നത്. രോഗിയുമായി പോകുന്ന ആംബുലൻസ് പോലും ദീർഘനേരം ബ്ലോക്കിൽ കുടുങ്ങുന്നതും പതിവാണ്.
ബഹുജന സമരത്തിന് നേതാക്കൾ
അനധികൃത താമസം അടിയന്തരമായി ഒഴുപ്പിച്ചില്ലെങ്കിൽ ബഹുജന സമരവുമായി മുന്നോട്ടു പോകുമെന്ന് നേതാക്കൾ അറിയിച്ചു.
അനധികൃത താമസം ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് പുന്നയൂർ പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി. യു.ഡി.എഫ് നേതാക്കളായ എം.വി.ഹൈദരലി,ആർ.പി.ബഷീർ,സി.അഷറഫ്,ഐ.പി.രാജേന്ദ്രൻ,മൊയ്തീൻഷ പള്ളത്ത്,യൂസഫ് ഹാജി,റാഷ് മുനീർ,ഇർഷാദ് പള്ളത്ത്,ടി.എം.നൂർദ്ദീൻ,അബ്ദുൽ സലീം കുന്നമ്പത്ത് എന്നിവർ ദേശീയപാത അധികൃതരുമായി നേരിൽ കണ്ടും പരാതി ഉന്നയിച്ചു. മുസ്ലിം യൂത്ത് ലീഗ് നേതാക്കളായ അസീസ് മന്ദലാംകുന്ന്,ആർ.വി.അഹ്മദ് കബീർ ഫൈസി,നൗഫൽ കുഴിങ്ങര,കെ.എം.ഷാജഹാൻ,ഷെബീർ എടക്കര എന്നിവരുടെ നേതൃത്വത്തിലാണ് പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകിയത്.