k

തൃശൂർ: കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയെ ഛത്തീസ്ഗഡ് സർക്കാർ കോടതിയിൽ എതിർക്കില്ലെന്ന് അറിയിച്ചിട്ടുണ്ടെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. തൃശൂർ ബിഷപ്പ് ഹൗസിൽ സി.ബി.സി.ഐ പ്രസിഡന്റ് ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിനെ സന്ദർശിച്ചശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോടതി നടപടിക്രമം പൂർത്തിയാക്കേണ്ടതിനാൽ എപ്പോൾ ജാമ്യം കിട്ടുമെന്ന് ചോദിക്കരുത്. കഴിഞ്ഞദിവസം പ്രധാനമന്ത്രിയുമായി ചർച്ച നടത്തി. ജാമ്യം കിട്ടുമെന്ന കാര്യത്തിൽ ഉറപ്പു നൽകി. കന്യാസ്ത്രീകൾ അറസ്റ്റിലായതുമുതൽ പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമം നടത്തി. കന്യാസ്ത്രീകൾ അറസ്റ്റിലായപ്പോൾ മാർ ആൻഡ്രൂസ് താഴത്ത് വിളിച്ചിരുന്നു.


കന്യാസ്ത്രീകളുടെ വിഷയത്തിൽ പലരും ജയിലിന് മുന്നിൽ പോയി രാഷ്ട്രീയനാടകം കളിക്കുകയാണ്. സഭ ആവശ്യപ്പെട്ട കാര്യങ്ങൾ അടിയന്തരമായി ചെയ്തുകൊടുക്കും. കന്യാസ്ത്രീകൾ കുട്ടികളെ എന്തിന്, എങ്ങോട്ടു കൊണ്ടുപോയി എന്നത് അന്വേഷിക്കലല്ല ഞങ്ങളുടെ പണി. മതനിരോധന നിയമം ഛത്തീസ്ഗഡിൽ പാസാക്കിയത് ബി.ജെ.പിയല്ല.