തൃശൂർ: ഛത്തീസ്ഗഡിൽ ജയിലിൽ കഴിയുന്ന കന്യാസ്ത്രീകൾക്ക് നീതിയും ക്രിസ്ത്യാനികൾക്ക് സുരക്ഷിതത്വവും ഉറപ്പാക്കണമെന്ന്
സി.ബി.സി.ഐ പ്രസിഡന്റ് ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് ആവശ്യപ്പെട്ടു. തന്നെ സന്ദർശിക്കാനെത്തിയ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനോട് ഇക്കാര്യം പറഞ്ഞതായും കൂട്ടിച്ചേർത്തു. കന്യാസ്ത്രീകളുടെ വിഷയത്തിൽ അനുകൂല നിലപാടാണ് എടുക്കുന്നതെന്ന് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും അറിയിച്ചതായി രാജീവ് തന്നോട് വ്യക്തമാക്കി. വിഷയത്തിൽ ആദ്യം രാജീവ് ചന്ദ്രശേഖറുമായി ബന്ധപ്പെട്ടിരുന്നു. തൃശൂരിലെ എം.പിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുമായും എല്ലാ രാഷ്ട്രീയ പാർട്ടി നേതാക്കളുമായും ബന്ധപ്പെട്ടിരുന്നു. തങ്ങൾക്ക് രാഷ്ട്രീയമില്ല. ക്രിസ്ത്യാനികൾക്ക് നേരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ചുവരുന്ന വിവരം രാജീവ് ചന്ദ്രശേഖറിനെ അറിയിച്ചു. കന്യാസ്ത്രീകൾ തെറ്റ് ചെയ്തിട്ടില്ലെന്ന് അദ്ദേഹത്തിന് ബോദ്ധ്യമായെന്നും ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു.