അതിരപ്പിള്ളി: പിതാവ് വടിയുമായി ബഹളം വച്ച് പിന്നാലെയെത്തിയതോടെ,പുലി പിടിച്ചുകൊണ്ടുപോയ ബാലൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. മലക്കപ്പാറയിലെ വീരാൻകുടി ആദിവാസി ഉന്നതിയിൽ ബേബിയുടെ മകൻ രാഹുലാണ്(4) രക്ഷപ്പെട്ടത്. പുലിയുടെ ആക്രമണത്തിൽ കഴുത്തിന്റെ പിൻഭാഗത്ത് മുറിവേറ്റ രാഹുലിനെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.
ഇന്നലെ പുലർച്ചെ രണ്ടോടെയായിരുന്നു സംഭവം. ഇവർ താമസിച്ചിരുന്ന ഷെഡ്ഡിലെത്തിയ പുലി,കുട്ടിയെ കടിച്ചുവലിച്ച് കൊണ്ടുപോകുകയായിരുന്നു. ശബ്ദം കേട്ടുണർന്ന പിതാവ് ബഹളം വച്ച് വടിയുമായി പിന്നാലെയെത്തിയതോടെ കുട്ടിയെ ഉപേക്ഷിച്ച് പുലി കാട്ടിലേക്ക് ഓടിപ്പോയി. തുടർന്ന് ആരോഗ്യ പ്രവർത്തകർ സ്ഥലത്തെത്തി കുട്ടിയെ മലക്കപ്പാറ ടാറ്റ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പിന്നീട് ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭാഗ്യം കൊണ്ടാണ് കുട്ടി രക്ഷപ്പെട്ടതെന്ന് ഇവരുടെ ബന്ധു കുമാർ പറഞ്ഞു.
അതേസമയം,ഉരുൾപൊട്ടൽ ഭീഷണിയെ തുടർന്ന് വീരാൻകുടി ഉന്നതിയിലെ വീട്ടുകാരെ മറ്റൊരിടത്തേക്ക് മാറ്റി പാർപ്പിച്ചിരിക്കുകയാണ്. ഇവിടെ ഷെഡ് കെട്ടിയാണ് ആദിവാസി കുടുംബങ്ങൾ താമസിക്കുന്നത്. ഈ പ്രദേശത്ത് പുലിയെ സ്ഥിരമായി കാണാറുണ്ടെന്ന് ബേബി പറഞ്ഞു.