thaikal

കൊടുങ്ങല്ലൂർ : വീടിന്റെ ചുറ്റുവട്ടത്ത് നിന്ന് പറിച്ചു കൊണ്ടുവന്ന് ചങ്ങാതി സമ്മാനിച്ച വൃക്ഷത്തൈ സൗഹൃദ ദിനത്തിൽ സ്വന്തം വീട്ടിൽ നട്ടുപിടിപ്പിച്ച് തിളങ്ങുന്ന ഓർമ്മയാക്കി മാറ്റാൻ ഒരുങ്ങുകയാണ് അഴീക്കോട് ഗവ: യു.പി സ്‌കൂളിലെ വിദ്യാർത്ഥികൾ. ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ഒരു കോടി വൃക്ഷവത്കരണം പദ്ധതിയുടെ ഭാഗമായി ചങ്ങാതിക്ക് ഒരു തൈ എന്ന പേരിൽ നടപ്പിലാക്കുന്ന കാമ്പയിനിന്റെ ഭാഗമായാണ് ഈ പ്രവർത്തനം.
സ്‌കൂളിലെ എല്ലാ വിദ്യാർത്ഥികളും വീടുകളിൽ നിന്ന് ശേഖരിച്ചു കൊണ്ടുവന്ന വൃക്ഷത്തൈ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്ത ചങ്ങാതിമാർക്ക് സമ്മാനിക്കുന്ന പ്രവർത്തനം വെള്ളിയാഴ്ച സ്‌കൂളിൽ നടന്നു. ഈ തൈകൾ ആഗസ്റ്റ് മൂന്നിന് നട്ടുപിടിപ്പിക്കുന്ന ചിത്രങ്ങൾ പങ്കുവയ്ക്കുന്നതോടെയാണ് ഈ കാമ്പയിൻ അവസാനിക്കുക. സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ നജ്മൽ ഷക്കീർ, സ്‌കൂൾ പ്രധാനദ്ധ്യാപിക പുഷ്‌കല ടീച്ചർ, മേഘ ടീച്ചർ എന്നിവർ സംസാരിച്ചു. മുഹമ്മദ് ഷഫീഖ്, ജാസ്മിൻ സൈഫുദ്ദീൻ, മഞ്ജു, മറ്റു അദ്ധ്യാപകർ എന്നിവർ നേതൃത്വം നൽകി.