kpm

കയ്പമംഗലം : പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകാൻ തുടങ്ങിയിട്ട് മാസങ്ങളായതോടെ റോഡിലെ വെള്ളക്കെട്ട് മൂലം യാത്രക്കാർ ദുരിതത്തിൽ. ഈസ്റ്റ് ടിപ്പു സുൽത്താൻ റോഡിൽ ചെന്താപ്പിന്നി സി.വി.സെന്റർ മുതൽ കാക്കാത്തിരുത്തി വരെ പത്തിടങ്ങളിലാണ് പൈപ്പ് പൊട്ടി കുടിവെള്ളം പാഴായി പോയിക്കൊണ്ടിരിക്കുന്നത്. ചെന്ത്രാപ്പിന്നി ഹൈസ്‌ക്കൂളിന് വടക്ക് ഭാഗത്ത് ഒരു മാസത്തിലേറെയായി പൈപ്പ് പൊട്ടിയിട്ട്. നിരവധി സ്‌കൂൾ വാഹനങ്ങളും കുട്ടികളും കടന്നു പോകുന്ന വഴിയിൽ പൈപ്പ് പൊട്ടി അപകടക്കുഴികളും രൂപപ്പെട്ടിട്ടുണ്ട്. ചളിങ്ങാട് മേഖലയിലും നിരവധിയിടത്ത് പൈപ്പ് പൊട്ടിയിട്ടുണ്ട്. അമ്പലനട ഭാഗത്ത് റോഡിൽ വെള്ളക്കെട്ടും രൂക്ഷമാണ്. വെള്ളം കെട്ടി നിൽക്കുന്നതിനാൽ കുഴി കാണാതെ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും പതിവാണ്. കഴിഞ്ഞ ദിവസം ബൈക്ക് യാത്രികർക്ക് കുഴിയിൽ വീണ് അപകടം പറ്റിയിരുന്നു. ജല അതോറിറ്റി മതിലകം ഡിവിഷനാണ് അറ്റകുറ്റപ്പണികൾ നടത്തേണ്ടത്. പൈപ്പ് നന്നാക്കാൻ കുഴിയെടുക്കുമ്പോൾ ഉറവ വെള്ളം വന്ന് തിണ്ട് ഇടിയുകയാണ്. ഇതുമൂലമാണ് പൈപ്പ് നന്നാക്കാൻ സാധിക്കാത്തതെന്ന് ജല അതോറിറ്റി അധികൃതർ പറഞ്ഞു. മഴ മാറിയാൽ ഉടൻ അറ്റകുറ്റപ്പണി ആരംഭിക്കുമെന്നും അധികൃതർ പറഞ്ഞു.