photo

തൃശൂർ: തൃശൂർ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും മതിയായ സേവനം യഥാസമയം ലഭിക്കുന്നില്ലെന്ന പരാതിക്ക് പരിഹാരം കാണേണ്ട സമയം അതിക്രമിച്ചെന്ന് മനുഷ്യാവകാശ കമ്മീഷൻ അംഗം വി. ഗീത. കഴുത്തിലെ മുഴയ്ക്ക് അൾട്രാസൗണ്ട് സ്‌കാനിംഗ് നടത്താൻ 61 ദിവസം കാത്തിരുന്നുവെന്ന പരാതി അടിയന്തരമായി സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തണമെന്നും കമ്മിഷൻ ആരോഗ്യ വകുപ്പ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി.

മെഡിക്കൽ കോളേജിനെതിരെ വടക്കേക്കാട് സ്വദേശി പി. ആർ. ഷിബിൻ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.

അൾട്രാസൗണ്ട് ചെയ്യേണ്ട രോഗികളുടെ എണ്ണം കൂടിയതുകൊണ്ടാണ് ഒന്നര മാസം വരെ സമയമെടുക്കുന്നത്തെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് അറിയിച്ചു. ലഭ്യമായ സ്ഥലവും സൗകര്യങ്ങളും ഉപയോഗപ്പെടുത്തി കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നും കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്താൻ ഉന്നത അധികാരികളുടെ ശ്രദ്ധയിൽപെടുത്താമെന്നും അദ്ദേഹം പറഞ്ഞു.