തൃപ്രയാർ: നാലമ്പല ദർശനത്തിന് തൃപ്രയാറിൽ അസാധാരണ തിരക്ക്. തീർത്ഥാടനം ആരംഭിച്ച ശേഷമുണ്ടായ വലിയ തിരക്കായിരുന്നു ഇന്നലെ. പുലർച്ചെ മുതൽ ഭക്തരുടെ നീണ്ടനിര പ്രത്യക്ഷമായിരുന്നു. പുലർച്ചെ രണ്ടോടെ പടിഞ്ഞാറെ നടയിൽ ഭക്തരുടെ നീണ്ടനിരയായിരുന്നു. അതിനിടെ ദർശനത്തിനിടെ പുണ്യാഹ കർമ്മം വേണ്ടി വന്നതിനാൽ ഒന്നര മണിക്കൂർ ദർശനം തടസപ്പെട്ടു.
മൂന്നിന് മുൻപേ ഭക്തരെ ക്ഷേത്രമതിൽക്കെട്ടിന് അകത്തേക്ക് പ്രവേശിപ്പിച്ചു. മൂന്നരയോടെയായിരുന്നു ദർശനം. ദർശനത്തിന് കാത്തുനിന്ന ഭക്തരുടെ നിര പോളി ജംഗ്ഷനും വടക്ക് മേൽതൃക്കോവിൽ ശിവക്ഷേത്രം വരെയും നീണ്ടു. ക്ഷേത്രത്തിനകത്തെ വേദിയിൽ രാമായണ അഷ്ടപദി ആലാപനം നടന്നു. ഞെരളത്ത് ഹരിഗോവിന്ദൻ, ആശാ സുരേഷ് എന്നിവർ നേതൃത്വം നൽകി.
ഒരു ഭക്തൻ ക്ഷേത്രശ്രീകോവിലിന് പിൻവശത്തായി ഛർദ്ദിച്ചതിനെ തുടർന്നാണ് പുണ്യാഹകർമ്മം വേണ്ടിവന്നത്. ഭക്തരും യാത്രാ വാഹനങ്ങളും മൂലം കിഴക്കെ ടിപ്പു സുൽത്താൻ റോഡും ടെമ്പിൾ റോഡും നിറഞ്ഞുകവിഞ്ഞു. ദേശീയപാതയിലും വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു. ഭക്തരുടെ തിരക്കേറിയതോടെ ജംഗ്ഷനിൽ ഗതാഗതക്കുരുക്ക് മണിക്കൂറുകളോളം നീണ്ടു. വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് ആവശ്യമായ സംവിധാനം ദേവസ്വം ഒരുക്കിയില്ലെന്ന് ആക്ഷേപമുണ്ട്. തീർത്ഥാടനം തുടങ്ങിയ ശേഷം ഗതാഗതക്കുരുക്ക് ദിനംപ്രതി രൂക്ഷമാണ്.