traffic-
1

മാള: രണ്ടര വർഷത്തോളമായി ഹൈക്കോടതിയുടെ സ്റ്റേകളിൽ കുരുങ്ങിക്കിടക്കുന്ന പോസ്റ്റ് ഓഫീസ് റോഡ് വികസനം അനന്തമായി നീളുന്നു. കൗണ്ടർ അഫഡവിറ്റ് ഫയൽ ചെയ്യുമ്പോൾ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടാകുന്ന പിഴവുകളാണ് വീണ്ടും സ്റ്റേ ലഭിക്കാൻ ഇടയാക്കുന്നത്. റോഡ് വികസനം നീണ്ടുപോകുന്നതിനാൽ വൻ ഗതാഗതക്കുരുക്കാണ് ഈ റോഡിൽ അനുഭവപ്പെടുന്നത്. നാലമ്പല യാത്രക്കാരുടെ ലക്ഷ്വറി ബസുകൾ റോഡിലെ ഗതാഗതക്കുരുക്ക് വർദ്ധിപ്പിക്കുകയാണ്. ജംഗ്ഷൻ വികസനത്തിനും കൈയേറ്റങ്ങൾ ഒഴിപ്പിക്കാനുമുള്ള പൊതുമരാമത്ത് വകുപ്പിന്റെ ശ്രമങ്ങൾ 15 തവണ സ്വകാര്യ വ്യക്തികൾ ഹൈക്കോടതിയെ സമീപിച്ചതോടെ തടസപ്പെടുകയായിരുന്നു.
2022-23 സംസ്ഥാന ബഡ്ജറ്റിൽ വികസനത്തിനായി 10 കോടി രൂപ വകയിരുത്തിയിരുന്നെങ്കിലും പദ്ധതി മുന്നോട്ടുപോകാത്തതിനാൽ ഫണ്ട് ലാപ്‌സാകാനും നിർമ്മാണച്ചെലവ് ഇരട്ടിയാകാനും ഇടയാക്കുമെന്ന ആശങ്കയും കൂട്ടുന്നു. പൊതുമരാമത്ത് വകുപ്പ് 40,000 രൂപ ചെലവിൽ നടത്തിയ സർവേയിൽ 33 പേർ കൈയേറ്റം നടത്തിയതായി കണ്ടെത്തി. ഇവർക്ക് നോട്ടീസ് നൽകിയെങ്കിലും 2023 ഏപ്രിൽ 10ന് ഏഴ് വ്യക്തികൾ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്ത് ഏപ്രിൽ 12ന് ആദ്യ സ്റ്റേ നേടി. പിന്നീട് വിവിധ ഘട്ടങ്ങളിലായി 15 തവണ സ്റ്റേ ലഭിച്ചു. നിലവിൽ ആഗസ്റ്റ് 18 വരെ ഹൈക്കോടതി സ്റ്റേ തുടരുകയാണ്. അന്നേ ദിവസം അടുത്ത ഹിയറിംഗ് നടക്കും.
കേസ് നടത്തിപ്പിലെ അനാസ്ഥയും സ്ഥിതി വിവരണം, കൗണ്ടർ അഫിഡവിറ്റ് സമർപ്പിക്കുന്നതിലെ പാളിച്ചകളും കാരണമാകുന്നുണ്ട്. നാലമ്പല യാത്ര സുഗമമാക്കാൻ എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ യോഗം ചേർന്നെങ്കിലും ദിശാ ബോർഡ് സ്ഥാപിക്കൽ, ട്രാഫിക് ക്രമീകരണം, പൊലീസ് സേവനം ഉറപ്പാക്കൽ ഉൾപ്പെടെയുള്ള തീരുമാനങ്ങൾ നടപ്പാക്കാൻ അധികൃതർ കാണിക്കുന്ന അലസതയാണ് ഗതാഗതക്കുരുക്കിന് വഴിവയ്ക്കുന്നത്. അധികൃതരുടെ അലംഭാവം അവസാനിപ്പിച്ച് റോഡ് വികസനം യാഥാർത്ഥ്യമാക്കണമെന്നാണ് ഉയരുന്ന ആവശ്യം.