ചെറുതുരുത്തി: പൈങ്കുളം റെയിൽവേ മേൽപ്പാലം നിർമ്മാണത്തിന് ഭൂമി ഏറ്റെടുക്കാൻ 13.32 കോടി രൂപയുടെ ഭരണാനുമതി. ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തീകരിച്ചാൽ കരാർ നൽകി നിർമ്മാണം ആരംഭിക്കും. മേൽപ്പാലത്തിന്റെ ജനറൽ അറേഞ്ച്‌മെന്റ് ഡ്രോയിംഗിന് നേരത്തെ റെയിൽവേയുടെ അംഗീകാരം ലഭിച്ചിരുന്നു. സംസ്ഥാന സർക്കാരിന്റെയും കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെയും സംയുക്ത സംരംഭമായ കേരള റെയിൽ ഡെവലപ്പ്‌മെന്റ് കോർപ്പറേഷനാണ് നിർവഹണ ചുമതല.
ഏറ്റെടുക്കേണ്ട സ്ഥലത്തിന്റെ വിലയ്‌ക്കൊപ്പം പ്രസ്തുത ഭൂമിയിലെ സ്ഥാവര വസ്തുക്കൾ, മരങ്ങൾ തുടങ്ങിയവയുടെ മൂല്യംകൂടി കണക്കാക്കിയാണ് വിലയും നഷ്ടപരിഹാരവും നിശ്ചയിച്ചിട്ടുള്ളത്.
വളവുകൾ ഒഴിവാക്കും
സാമൂഹ്യ ആഘാതം പരമാവധി കുറച്ചും നിലവിലെ അപകടകരമായ വളവുകൾ ഒഴിവാക്കിയുമാണ് മേൽപ്പാലത്തിന്റെ രൂപരേഖ കെ.റെയിൽ തയ്യാറാക്കിയിട്ടുള്ളത്. 423 മീറ്ററാണ് ആകെ നീളം. സ്ഥലം ഏറ്റെടുക്കൽ പൂർത്തിയായാൽ 15 മാസം കൊണ്ട് നിർമ്മാണം പൂർത്തീകരിക്കാൻ സാധിക്കുമെന്ന് കേരള റെയിൽ ഡവലപ്പമെന്റ് കോർപ്പറേഷൻ അധികൃതർ അറിയിച്ചു. ഷൊർണ്ണൂരിനും വള്ളത്തോൾ നഗറിനും ഇടയിൽ പുതിയതായി നിർമ്മിക്കുന്ന റെയിൽവേ ട്രാക്കുകൾക്ക് തടസം വരാത്ത രീതിയിലാണ് രൂപരേഖ. നടപടികൾ വേഗത്തിൽ ആരംഭിക്കാൻ രാധാകൃഷ്ണൻ എം.പി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
കുരുക്കഴിയും
ഷൊർണ്ണൂർ - വള്ളത്തോൾ നഗർ റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ പൈങ്കുളം റെയിൽവേ ഗേറ്റിന് പകരം മേൽപ്പാലം യാഥാർത്ഥ്യമായാൽ ചെറുതുരുത്തി - ചേലക്കര റോഡിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകും. ഈ റെയിൽ പാതയിലൂടെ ദിനംപ്രതി 100 മുതൽ 120 വരെ ട്രെയിനുകളാണ് കടന്നുപോകുന്നത്. ഇതുമൂലം ഇതുവഴി കടന്നുപോകുന്ന ബസുകൾ ഉൾപ്പെടെയുള്ള നൂറുകണക്കിന് വാഹനങ്ങളും ആംബുലൻസുകളുടെ ഗേറ്റിൽ കുടുങ്ങുന്നത് പതിവാണ്. ഷൊർണൂർ - വള്ളത്തോൾ നഗർ റെയിൽവേ സ്‌റ്റേഷനുകൾക്ക് ഇടയിലെ ഒന്നാം നമ്പർ ലെവൽ ക്രോസാണ് ചേലക്കര - പൈങ്കുളം.
ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയായാലുടൻ മേൽപ്പാലം നിർമ്മാണം കരാർ നൽകി പണി ആരംഭിക്കും.
പൊതുമരാമത്ത്
മന്ത്രിയുടെ ഓഫീസ്