ചെറുതുരുത്തി: നാലുവർഷമായി തൊഴിലുറപ്പ് പണി നിഷേധിക്കുന്നുവെന്ന പരാതിയുമായി വീട്ടമ്മ രംഗത്ത്. ചെറുതുരുത്തി ഊരത്തുപടിക്കൽ കൃഷ്ണന്റെ ഭാര്യ ലളിതയാണ് പരാതിയുമായി വള്ളത്തോൾ നഗർ പഞ്ചായത്തിനെ സമീപിച്ചത്.
2021ന് ശേഷം വിവിധ കാരണങ്ങൾ പറഞ്ഞ് തൊഴിൽ നിഷേധിക്കുന്നു. 60 വയസ് കഴിഞ്ഞ തൊഴിലാളികളെ തൊഴിലുറപ്പ് പണിയിൽ നിന്നും മാറ്റിനിറുത്തുകയാണെന്നാണ് ഇവരുടെ ആക്ഷേപം. കനാൽ പുറമ്പോക്കിൽ താമസിക്കുന്ന ലളിതയ്ക്ക് സ്വന്തമായി വീടോ പ്രാഥമിക ആവശ്യങ്ങൾക്ക് വേണ്ട സാഹചര്യങ്ങളോ ഇല്ല.
തൊഴിലുറപ്പ് പണി നിഷേധിച്ചതോടെ ഭക്ഷണത്തിനും മരുന്നിനും പണമില്ലെന്നും ഏക ആശ്രയം പെൻഷൻ മാത്രമായി ജീവിതം വഴിമുട്ടിയെന്നും ലളിത പറയുന്നു. 2006 മുതൽ തൊഴിലുറപ്പ് തൊഴിലാളിയാണെന്നും 2019ന് ശേഷം വിരലിലെണ്ണാവുന്ന തൊഴിൽ ദിനങ്ങൾ മാത്രമാണ് അനുവദിച്ചതത്രെ. 2022ന് ശേഷം പൂർണമായും തൊഴിൽ നിഷേധിച്ചതായും ലളിത വിശദീകരിച്ചു.
പണിയെടുത്ത 19 ദിവസത്തെ കൂലി നൽകാനുണ്ടെന്നും എ.ഡി.എസ് ഇന്ദിര ഉൾപ്പെടെയുള്ളവരാണ് തൊഴിൽ നിഷേധിക്കുന്നതെന്നുമാണ് പരാതി. കക്കൂസിനും പലതവണ അപേക്ഷിച്ചെങ്കിലും പഞ്ചായത്ത് അധികൃതരിൽ നിന്നും യാതൊരുവിധ അനുകൂല തീരുമാനവും ഉണ്ടാകുന്നില്ല. ജീവിതസാഹചര്യം ഒരുക്കിനൽകണമെന്നും വീട് അനുവദിക്കണമെന്നും തൊഴിലുറപ്പിൽ വീണ്ടും ഉൾപ്പെടുത്തണമെന്നുമാണ് 62 വയസുകാരിയായ ലളിതയുടെ ആവശ്യം.
തൊഴിലുറപ്പ് പണിക്ക് 60 വയസ് കഴിഞ്ഞ അഞ്ചോളം പേരെയാണ് എന്റെ ഗ്രൂപ്പിൽ നിന്നുതന്നെ മാറ്റിനിറുത്തിയിരിക്കുന്നത്. ഏതുസമയവും വീട് തകരുമോയെന്ന ഭയത്തിലാണ് കഴിയുന്നത്.
- ലളിത
ആരുടെയും തൊഴിൽ നിഷേധിക്കുന്ന സമീപനമില്ല. അപേക്ഷിക്കുന്ന മുറയ്ക്ക് എല്ലാവരെയും ഉൾപ്പെടുത്തും. നാലാം വാർഡിൽ തൊഴിലുറപ്പ് നടക്കുന്നില്ല. ഭൂരിഭാഗം പ്രദേശവും ടൗണിൽ ഉൾപ്പെടുന്നതിനാൽ പണി കുറവാണ്.
- കെ.ആർ. ഗിരീഷ്, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ