തൃശൂർ: സാംസ്‌കാരിക ലോകത്ത് നവീന ആശയങ്ങളെ അനുവദിക്കാത്ത സങ്കുചിത മനോഭാവം കേരളത്തിൽ സജീവമെന്ന് ഗോവ മുൻ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻ പിള്ള. ഒരു പ്രത്യേക ആശയത്തോടും വിഭാഗത്തോടും ചേർന്ന് നിൽക്കാത്തവരെയെല്ലാം തമസ്‌കരിക്കാൻ ശ്രമമുണ്ട്. ഇത് നേരിട്ട് സാഹിത്യ സാംസ്‌കാരിക രംഗങ്ങളിൽ പുതിയ ശബ്ദങ്ങൾ ഉയർന്നുവരേണ്ടതുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
മികച്ച ബാലസാഹിത്യകൃതിക്കുള്ള കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്‌കാരം നേടിയ ശ്രീജിത്ത് മൂത്തേടത്തിനെ ആദരിക്കുന്നതിന് തപസ്യ കലാസാഹിത്യ വേദിയും ദേശീയ അദ്ധ്യാപക പരിഷത്തും ചേർന്ന് സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു ശ്രീധരൻപിള്ള.
തപസ്യ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പ്രൊഫസർ പി.ജി. ഹരിദാസ് ഉപഹാരം സമ്മാനിച്ചു. ജില്ലാ പ്രസിഡന്റ് പ്രൊഫ. ടി.പി. സുധാകരൻ അദ്ധ്യക്ഷനായി. ഡോ. പുത്തേഴത്ത് രാമചന്ദ്രൻ, കെ. സ്മിത, കെ.കെ. പല്ലശ്ശന, ഡോ. ശ്രീശൈലം ഉണ്ണിക്കൃഷ്ണൻ, എൻ. സ്മിത, ഷാജു കളപ്പുരക്കൽ, സുനിത സുകുമാരൻ, ചന്ദ്രമോഹൻ കുമ്പളങ്ങാട് എന്നിവരും സംസാരിച്ചു.