ചേലക്കര: തിരുവില്വാമല മലാറയിൽ പട്ടികജാതി വകുപ്പിന്റെ കീഴിലുള്ള മോഡൽ റസിഡൻഷ്യൽ സ്‌കൂളിലെ കെട്ടിട നിർമ്മാണ നവീകരണ പ്രവൃത്തികൾക്ക് 2.8 കോടി രൂപയുടെ ഭരണനുമതി ലഭിച്ചതായി യു.ആർ. പ്രദീപ് എം.എൽ.എ. അക്കാഡമിക് ബ്ലോക്കിന് മുകളിൽ ട്രസ്സ് വർക്ക് ചെയ്ത സ്ഥലത്ത് കുട്ടികൾക്ക് താമസസൗകര്യം ഒരുക്കാൻ 60 ലക്ഷം, അക്കാഡമിക് ബ്ലോക്ക് കെട്ടിടം പൂർത്തീകരണത്തിന് 1.35 കോടി, അഡ്മിനിസ്‌ട്രേഷൻ ബ്ലോക്ക്, കിച്ചൻ ബ്ലോക്ക്, ഡോർമെറ്ററി എന്നിവയുടെ നവീകരണത്തിന് 85.30 ലക്ഷം ഉൾപ്പെടെ 2.8 കോടി രൂപയാണ് അനുവദിച്ചത്. ഇതിന് പട്ടികജാതി - വർഗ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഭരണാനുമതി നൽകിയിട്ടുണ്ട്. പൊതുമരാമത്ത് കെട്ടിടവിഭാഗത്തിനാണ് നിർമ്മാണച്ചുമതല.