py

ദേശമംഗലം: വയലി മഴോത്സവം 2025 വിളംബര ആഘോഷങ്ങളുടെ ഭാഗമായി നടന്ന പാട്ടുത്സവം തലപ്പിള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് സി. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വയലി ഡയറക്ടർ വിനോദ് അദ്ധ്യക്ഷനായി. പ്രദീപ് വയലിയുടെ നേതൃത്വത്തിൽ മഴ പ്രമേയമായ കവിതകൾ, നാടൻ പാട്ടുകൾ എന്നിവയും ദീപ്തി വിനോദിന്റെ നേതൃത്വത്തിൽ ശാസ്ത്രീയ ഗാനങ്ങളിലെ മഴ രാഗങ്ങൾ, സിനിമ ഗാനങ്ങളുടെ അവതരണം എന്നിവയും നടന്നു.

മലയാള സാഹിത്യ രചനകളിൽ കാലവർഷത്തിന്റെ പ്രസക്തി എന്ന വിഷയത്തിൽ പ്രാദേശിക എഴുത്തുകാരുടെ സംഗമവും നടന്നു. വള്ളുവനാടിന്റെ തനത് കലയായ കുടചോഴി എന്ന കലാരൂപവും അരങ്ങേറി. പട്ടാമ്പി നെല്ലു ഗവേഷണ കേന്ദ്രത്തിലെ തൊഴിലാളികളാണ് കുടചോഴി അവതരിപ്പിച്ചത്. ആഗസ്റ്റ് 9, 10 ദിവസങ്ങളിൽ നടക്കുന്ന മഴോത്സവം കലാമണ്ഡലം കൂത്തമ്പലത്തിൽ വിവിധ കലാപരിപാടികളോടെ സമാപനം കുറിക്കും.

പ്രാദേശിക എഴുത്തുകാരുടെ സംഗമത്തിൽ വി. ഗിരീഷ്, ജയപ്രകാശ് വരവൂർ, ചിത്രലേഖ ടീച്ചർ തളി എന്നിവർ പങ്കെടുത്തു. മഴോത്സവം 2025 കോ- ഓർഡിനേറ്റർ എം. ഭാഗ്യനാഥ്, കുട്ടൻ ആറങ്ങോട്, മനോ വയലി, സുദീപ് വയലി, വിശ്വനാഥ് വരവൂർ എന്നിവർ മഴോത്സവം വിളംബരങ്ങൾക്ക് നേതൃത്വം നൽകി.