child

തൃശൂർ: പിഞ്ചു കുട്ടികളെ പരിപാലിച്ചിരുന്ന ക്രഷുകൾ അടച്ചു പൂട്ടി അങ്കണവാടികൾക്ക് കീഴിലാക്കി. പടിയിറങ്ങുമ്പോൾ ക്രഷുകളിലെ ജീവനക്കാർക്ക് നൽകാനുണ്ടായിരുന്ന ശമ്പള കുടിശിക രണ്ടര വർഷത്തെയാണ്. കേന്ദ്ര - സംസ്ഥാന സർക്കാരുകൾ കനിയാതെ വന്നപ്പോൾ ആകെ ലഭിച്ചിരുന്ന 6500 രൂപയ്ക്കായി ഇപ്പോഴും പരാതികളയച്ച് കാത്തിരിക്കുകയാണ് ക്രഷുകളിലെ ജീവനക്കാർ. വനിതാ ശിശുക്ഷേമ സമിതിക്ക് കീഴിൽ പ്രവർത്തിച്ചിരുന്ന ക്രഷിലെ ജീവനക്കാരെ സമൂഹ്യനീതി വകുപ്പിലേക്ക് പുനർവിന്യസിപ്പിച്ചെങ്കിലും കിട്ടുന്ന തുച്ഛമായ തുകയിൽ ഇപ്പോഴും രണ്ട് മാസത്തെ കുടിശികയുണ്ട്.
ക്രഷുകളിലെ അദ്ധ്യാപകർക്ക് 6500 രൂപയും ആയമാർക്ക് 3250 രൂപയുമാണ് നൽകിയിരുന്നത്. ഇതിൽ 60 ശതമാനം തുക കേന്ദ്രവും 40 ശതമാനം സംസ്ഥാനവുമാണ് നൽകിയിരുന്നത്. എന്നാൽ, രണ്ടര വർഷത്തോളം ഇവർ യാതൊരു പ്രതിഫലവും ഇല്ലാതെയാണ് ജോലി ചെയ്തിരുന്നത്. എതാനും മാസങ്ങൾക്ക് മുമ്പ് സംസ്ഥാന സർക്കാർ 1000 രൂപ അലവൻസ് കൂട്ടിയിരുന്നു. അത് മാത്രമാണ് ലഭിക്കുന്നത്. കഴിഞ്ഞ ഏപ്രിൽ ഒന്ന് മുതലാണ് ക്രഷുകൾ അങ്കണവാടികളോട് ചേർന്നു മാറ്റിയത്. ജില്ലയിൽ ഏടക്കളത്തൂർ, വേലൂർ, പങ്ങാരപ്പിള്ളി, മെഡിക്കൽ കോളേജ്, ചേലക്കോട്ടുകര, കാൽഡിയൻ സിറിയൻ സ്‌കൂൾ എന്നിവിടങ്ങളിലായിരുന്നു ക്രഷുകൾ പ്രവർത്തിച്ചിരുന്നത്.

വകുപ്പ് മാറിയപ്പോൾ ഉള്ളതും കുറച്ചു

ശിശുക്ഷേമ സമിതിക്ക് കീഴിലായിരുന്നപ്പോൾ സംസ്ഥാനം നൽകിത്തുടങ്ങിയ അലവൻസ് അടക്കം 7500 രൂപ ലഭിച്ചിരുന്നെങ്കിലും സാമൂഹ്യ നീതി വകുപ്പിന്റെ കീഴിലേക്ക് മാറ്റിയപ്പോൾ 7500 എന്നത് 5500 ആയി കുറച്ചു. ഇതിന് പകരം തദ്ദേശ സ്ഥാപനങ്ങൾ 5000 രൂപ വീതം അധികം നൽകുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ ഏഴ് മാസമായിട്ടും ഇതിന്റെ ഉത്തരവ് പുറത്തിറങ്ങിയിട്ടില്ല. നേരത്തെ വീടിന് അടുത്തുള്ള സ്ഥലങ്ങളിലായിരുന്നു ക്രഷുകൾ പ്രവർത്തിച്ചിരുന്നതെങ്കിൽ ഇപ്പോൾ കിലോമീറ്ററുകൾ അകലെയാണ് ജോലി. ബസ് ടിക്കറ്റിന് തന്നെ ചെലവുണ്ട്. നേരത്തെ ഒമ്പതര മുതലായിരുന്നു പ്രവർത്തനമെങ്കിൽ ഇപ്പോൾ രാവിലെ ഏഴര മുതൽ വൈകിട്ട് മൂന്നുവരെയാണ്. ആയമാർ രാവിലെ 11.30നും എത്തണം. അതി രാവിലെ തന്നെ വീടുകളിൽ നിന്ന് പുറപ്പെടേണ്ട സ്ഥിതിയാണ്.


ലക്ഷങ്ങൾ ചെലവഴിച്ച് അടച്ചു പൂട്ടി

ഒന്നര വർഷം മുമ്പ് ലക്ഷങ്ങൾ ചെലവഴിച്ച് നിർമ്മിച്ച മെഡിക്കൽ കോളേജിലെ ക്രഷ് പ്രവർത്തിച്ചത് എതാനും മാസങ്ങൾ മാത്രം. ജോലി ആരംഭിച്ചത് മുതൽ ഒരു രൂപ പോലും ലഭിക്കാതയതോടെ ഇവർ ജോലി ഉപേക്ഷിച്ചു പോയി. സി.സി ടിവി ക്യാമറകളടക്കം എല്ലാ സൗകര്യങ്ങളോടെ ആരംഭിച്ചതായിരുന്നു. നിരവധി കുട്ടികളും ഉണ്ടായിരുന്നു. മൂന്നു വയസുവരെ പ്രായമുള്ള കുട്ടികളെയാണ് ക്രഷ് പരിപാലിക്കുന്നത്.