ഗുരുവായൂർ: ഗുരുവായൂർ ആനത്താവളത്തിന് 57.94 സെന്റ് ഭൂമി നെഗോഷ്യബിൾ പർച്ചേസിലൂടെ ഏറ്റെടുക്കാൻ റവന്യൂ വകുപ്പിന്റെ ഉത്തരവ്. ആനകൾക്ക് സ്വൈര വിഹാരത്തിന് ആവശ്യമായ സ്ഥലം ഒരുക്കേണ്ടതുണ്ടെന്ന് ഹൈക്കോടതി നേരത്തെ നിർദേശം നൽകിയിരുന്നു. 1.91 കോടി രൂപയാണ് ഭൂമി വാങ്ങാൻ ചെലവ് പ്രതീക്ഷിക്കുന്നത്.
ശൈലജ, നേമി ചന്ദ്‌ജെ മേത്ത എന്നീ രണ്ട് ഭക്തർ ഭൂമി വാങ്ങുന്നതിന് 1.75 കോടി രൂപ ദേവസ്വത്തിന് സംഭാവന നൽകിയിരുന്നു. ബാക്കി തുക ദേവസ്വം വഹിക്കും. ആനത്താവളത്തിന്റെ കിഴക്കെ ഗേറ്റിന് സമീപം ഇരിങ്ങപ്രം വില്ലേജിൽ ഉൾപ്പെടുന്ന ഭൂമിയാണ് വാങ്ങുന്നത്. സർക്കാർ നിർദേശങ്ങളും ഉത്തരവുകളും പാലിക്കേണ്ടതാണെന്ന് ഉത്തരവിൽ നിഷ്‌കർഷിച്ചിട്ടുണ്ട്.
പുന്നത്തൂർ ആനക്കോട്ടയുടെ സ്ഥല പരിമിതിയും പുതുതായി സ്ഥലം വാങ്ങേണ്ട ആവശ്യകതയും വ്യക്തമാക്കി അഡ്മിനിസ്‌ട്രേറ്റർ നേരത്തേ സർക്കാരിന് കത്ത് നൽകിയിരുന്നു. ഗുരുവായൂർ ദേവസ്വം ഭരണസമിതിയുടെ തീരുമാനങ്ങളുടെ അടിസ്ഥാനത്തിൽ പൊതു ആവശ്യങ്ങൾക്കായി നെഗോഷ്യേറ്റഡ് പർച്ചേഴ്‌സ് മുഖാന്തിരം സ്വകാര്യ ഭൂമി വാങ്ങുന്നതിന് സംസ്ഥാനതല പർച്ചേഴ്‌സ് കമ്മിറ്റിയും ജില്ലതല പർച്ചേഴ്‌സ് കമ്മിറ്റിയും രൂപവത്കരിച്ചിരുന്നു.
വിശദമായ ചർച്ചകൾക്ക് ശേഷമാണ് ഇരിങ്ങപ്രം വില്ലേജിൽ 3/21, 3/142, 3/143, 3/144 സർവേ നമ്പറുകളിലുള്ള 57.94 സെന്റ് ഭൂമി വിലക്ക് വാങ്ങാൻ തീരുമാനിച്ചത്.