ചാലക്കുടി: അപ്രതീക്ഷിത പേമാരിയിൽ ചാലക്കുടിപ്പുഴയിലെ ജലവിതാനം ക്രമാതീതമായി ഉയർന്നു. മലപ്പാച്ചിലിൽ ചാർപ്പ, കണ്ണംകുഴി തോട് തുടങ്ങിയ നിരവധി ജലസ്രോതസുകളിൽ വെള്ളം കുതിച്ചുപാഞ്ഞു. മഴ നിലച്ചതോടെ വെള്ളത്തിന്റെ കുത്തൊഴുക്കിന് പിന്നീട് ശമനം ഉണ്ടായെങ്കിലും മഴ കനത്താൽ പ്രശ്‌നം ഗുരുതരമാകും. ഇന്നലെ മുഴവൻ മഴ വിട്ടുനിന്നത് താത്കാലിക ആശ്വാസത്തിനിടയാക്കി. ഞായറാഴ്ച വൈകിട്ട് മുതൽ തുടർച്ചയായി അതിരപ്പിള്ളി മേഖലയിൽ 13 സെന്റീമീറ്റർ തോതിൽ മഴപെയ്തു. ഇതോടെ പുഴയിൽ അർദ്ധരാത്രി മുതൽ വെള്ളം ഉയരാൻ തുടങ്ങി. തിങ്കളാഴ്ച പുലർച്ചെ ജലനിരപ്പ് 5.45 മീറ്ററിൽ എത്തി. താഴ്ന്ന പ്രദേശങ്ങളിലെ പാടശേഖരങ്ങളിൽ ചെറിയതോതിൽ വെള്ളം കയറുകയും ചെയ്തു. നിലവിൽ എല്ലാ ഡാമുകളും നിറഞ്ഞിരിക്കുകയാണ്. തമിഴ്‌നാട് ഷോളയാർ ഡാമിൽ 100 ശതമാനം വെള്ളമുണ്ട്. ഇവിടെ നിന്ന് കേരള ഷേളയാറിലേക്കും തമിഴ്‌നാട്ടിലെ പറമ്പിക്കുളം ജലസംഭരണിയിലേക്കും വെള്ളം തുറന്നുവിടുന്നുണ്ട്. നിറഞ്ഞു കിടക്കുന്ന പറമ്പിക്കുളത്തു നിന്നും പെരിങ്ങൽക്കുത്ത് ഡാമിലേക്ക് ചെറിയതോതിൽ വെള്ളം ഇപ്പോൾ ഒഴിക്കിവിടുകയാണ്. കേരള ഷോളയാറിൽ വൈദ്യുതി ഉത്പാദനത്തിനു പുറമെ അധിക ജലം പെരിങ്ങൽക്കുത്ത് ഡാമിലേക്ക് എത്തുന്നുണ്ട്. ഇതെല്ലാം കണക്കിലെടുക്കുമ്പോൾ വീണ്ടുമെരു വെള്ളപ്പൊക്ക ഭീഷണി ഉടലെടുക്കുകയാണ്. തുടർച്ചയായി മഴയുണ്ടായാൽ എല്ലാം നിയന്ത്രണങ്ങളും കൈവിട്ടു പോകുമെന്നാണ് പുഴ സംരക്ഷണ സമിതി പ്രവർത്തകർ ഭയപ്പെടുന്നത്.
വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു
കനത്തമഴയിൽ പുഴയിൽ വെള്ളം കൂടിയതും ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും അതിരപ്പിള്ളി, വാഴച്ചാൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ താത്കാലികമായി അടച്ചു. തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമാണ് ജില്ലാ കളക്ടർ വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് അവധി നിർദ്ദേശിച്ചത്.