തൃശൂർ: ദേശീയ - സംസ്ഥാന പാതകളിലെ വെള്ളക്കെട്ടിൽ മണിക്കൂറുകളോളം വാഹനങ്ങൾ കുരുങ്ങിയതോടെ ഇന്നലെ രാവിലെ ഗതാഗത സ്തംഭനം. തൃശൂർ - കുറ്റിപ്പുറം സംസ്ഥാനപാതയിലും പാലക്കാട് ദേശീയപാതയിലുമെല്ലാം വാഹനങ്ങൾ ഏറെനേരം നിറുത്തിയിട്ടു. മുതുവറ മുതൽ പൂങ്കുന്നം വരെ അഞ്ചുകിലോമീറ്ററോളം ദൂരം താണ്ടാൻ ഒരു മണിക്കൂറിലേറെ സമയമെടുത്തു.
നഗരത്തിലും വൻ കുരുക്കായിരുന്നു. കാൽവരി റോഡിലെ വെള്ളക്കെട്ടിൽ രാവിലെ ബൈക്കുകൾ കൂട്ടിയിടിച്ച് മറിഞ്ഞു. ആർക്കും പരിക്കേറ്റില്ലെങ്കിലും തലനാരിഴയ്ക്കാണ് അപകടം ഒഴിവായത്. ഇവിടെ ഒരു ഭാഗത്തെ കാനനിർമ്മാണം പരിഗണനയിലാണെന്ന് മേയർ എം.കെ. വർഗീസ് വ്യക്തമാക്കിരുന്നെങ്കിലും നടപ്പായിട്ടില്ല. പടിഞ്ഞാറെക്കോട്ടയിൽ നിന്നുള്ള കാൽവരി റോഡിന്റെ വലതുഭാഗത്ത് 200 മീറ്ററോളം ദൂരത്തിൽ കാനയില്ലാത്തത് അപകടസാദ്ധ്യത കൂട്ടുന്നുണ്ടെന്നാണ് വ്യാപാരികളുടെ പരാതി. അടിയാട്ട് ലൈനിൽ നിന്ന് കാൽവരി റോഡിലേക്ക് കയറുന്ന വാഹനങ്ങൾക്കും ഭീഷണിയാണിത്. വെള്ളം റോഡിലൂടെ പരന്നൊഴുകുമ്പോൾ ബൈക്ക് യാത്രക്കാർ തെന്നിവീഴുന്നതും പതിവാണ്.
അതേസമയം മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. ഓറഞ്ച് അലർട്ടായതിനാൽ മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ നിഗമനം.
'മഴ കൊണ്ട്' ഓട്ടയടയ്ക്കൽ
കനത്ത മഴയ്ക്കിടെ തൃശൂർ നഗരത്തിൽ മാരാർ റോഡിൽ ടാറിടാൻ തുടങ്ങിയത് പ്രതിഷേധത്തിനിടയാക്കി. നാട്ടുകാർ രംഗത്തെത്തി ദൃശ്യങ്ങൾ പ്രചരിപ്പിച്ചതോടെ ടാറിടൽ നിറുത്തിവയ്ക്കാൻ മേയർ നിർദേശം നൽകി. കഴിഞ്ഞ ദിവസങ്ങളിൽ വെയിലായിരുന്നിട്ടും ടാറിംഗ് നടത്തിയില്ല. റെഡ് അലർട്ടായി രാവിലെ മുതൽ കനത്ത മഴ തുടരുന്നതിനിടെയായായിരുന്നു ടാറിംഗ്. 'ഈ മഴയത്താണോടോ ടാറിംഗ്, നിറുത്തിപ്പോടോ' എന്ന് നാട്ടുകാർ തൊഴിലാളികളോട് പറയുന്നത് ദൃശ്യങ്ങളിലുണ്ട്.
കരുതൽ വേണം
@ പ്രധാന റോഡുകളിലെ വെള്ളക്കെട്ട്, വാഹനങ്ങളിലെ കാഴ്ച മങ്ങൽ എന്നിവയ്ക്ക് സാദ്ധ്യതയുള്ളതിനാൽ ഗതാഗതക്കുരുക്ക് ഉണ്ടാകാം.
@ താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട്, വെള്ളപ്പൊക്കം എന്നിവയ്ക്ക് സാദ്ധ്യത.
@ മരങ്ങൾ കടപുഴകി വീണാൽ വൈദ്യുതി തടസത്തിനും അപകടത്തിനും കാരണമാകും.
@ വീടുകൾക്കും കുടിലുകൾക്കും കേടുപാടുകൾക്കും ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാദ്ധ്യത.
@ കന്നുകാലികൾക്കും വളർത്തുമൃഗങ്ങൾക്കും കരുതൽ വേണം.
@ ഗതാഗത നിയന്ത്രണം വേണം.
@ അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കി സുരക്ഷിത മേഖലകളിൽ തുടരണം.