പഴുവിൽ: ചിറയ്ക്കൽ പാലം ഇന്ന് മുതൽ ഗതാഗതത്തിനായി തുറന്ന് കൊടുക്കും. രാവിലെ എട്ടിന് സി.സി.മുകുന്ദൻ എം.എൽ.എ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ എന്നിവരുടെ നേതൃത്വത്തിൽ ജനങ്ങൾക്ക് പാലം സമർപ്പിക്കും. ചിറയ്ക്കൽ പാലത്തിന്റെ പുനരുദ്ധാരണ പ്രവൃത്തികൾക്കായി 2021ൽ 530 ലക്ഷത്തിന് ഭരണാനുമതിയും 2023 ൽ 529 ലക്ഷത്തിന് സാങ്കേതികാനുമതിയും ലഭിച്ചു. 22ന് താത്കാലിക ബണ്ട് റോഡിലൂടെ വാഹനം കടത്തിവിട്ട് പഴയ പാലം പൊളിക്കാനാരംഭിച്ചു. കാൽനടയാത്രികർക്കായി താത്കാലിക നടപ്പാലവും നിർമ്മിച്ചു. പുതിയ പാലത്തിന്റെ പൈലുകൾ സ്ഥാപിക്കുന്നതിൽ തടസം നേരിട്ടത് മൂലം ആറിനാണ് പൈലിംഗ് ആരംഭിച്ചത്. സ്ലാബും അപ്രോച്ച് റോഡും നിർമ്മിക്കുന്നതിന് ബണ്ട് റോഡിലൂടെയുള്ള ഗതാഗതം തടസമായതിനാൽ എട്ട് മുതൽ ബണ്ട് റോഡിലൂടെയുള്ള ഗതാഗതം പൂർണമായും നിരോധിച്ചു.
നിലവിൽ പാലത്തിലൂടെയുള്ള ഗതാഗതം സാദ്ധ്യമാക്കാനാവശ്യമായ പ്രവൃത്തികൾ പൂർത്തീകരിച്ചിട്ടുണ്ട്. പുഴയുടെ സംരക്ഷണഭിത്തി, പെയിന്റിംഗ്, ഇന്റർലോക്കിംഗ്, ഫുട്പാത്ത് ടൈൽ വിരിക്കൽ എന്നീ പ്രവൃത്തികളാണ് ഇനി പൂർത്തിയാക്കാനുള്ളത്. ജനങ്ങളുടെ യാത്രാസൗകര്യം കണക്കിലെടുത്ത് കഴിഞ്ഞദിവസം ചാഴൂർ പഞ്ചായത്ത് ഹാളിൽ സി.സി.മുകുന്ദൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ജനപ്രതിനിധികളുടെയും രാഷ്ട്രിയകക്ഷികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിൽ വാഹനങ്ങൾ കടത്തിവിടാമെന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. തുടർന്നാണ് ബുധനാഴ്ച രാവിലെ 8ന് പാലം തുറന്ന് കൊടുക്കാൻ തീരുമാനമായത്. ഇതോടെ മാസങ്ങളായി മേഖലയിൽ അനുഭവപ്പെട്ടിരുന്ന യാത്രാക്‌ളേശത്തിന് പരിഹാരമാവും.