പുതുക്കാട്: ഫിറ്റ്‌നസ് നഷ്ടമായ സ്‌കൂൾ കെട്ടിടങ്ങൾ ഉടൻ പൊളിച്ചുമാറ്റാൻ നടപടി സ്വീകരിക്കണമെന്ന്‌ നിർദേശം. മണ്ഡലം വിദ്യാലയ സുരക്ഷാ അവലോകന യോഗത്തിലാണ് നിർദേശം ഉയർന്നത്. കൊടകര ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗം കെ.കെ.രാമചന്ദ്രൻ എം.എൽ എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം.ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. വരന്തരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് കലാപ്രിയ സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷൻ ഇ.കെ.സദാശിവൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സജിത രാജീവ്, മിനി ഡെന്നി, സതി സുധീർ, ചാലക്കുടി എ.ഇ.ഒ പി.ബി.നിഷ, ചേർപ്പ് എ.ഇ.ഒ എം.വി.സുനിൽകുമാർ, ബി.ആർ.സി കോർഡിനേറ്റർ ടി.ആർ.ആനൂപ്, എൽ.എസ്.ജി.ഡി അസി. എക്‌സി. എൻജിനീയർ രതീഷ്, പുതുക്കാട് എസ്.െഎ വി.ബി.വൈഷ്ണവ്, കെ.എസ്.ഇ.ബി, എൽ.എസ്.ജി.ഡി, പി.ഡബ്ല്യു.ഡി എൻജിനീയർമാർ, വിവിധ സ്‌കൂൾ പ്രിൻസിപ്പൽമാർ, പ്രധാന അദ്ധ്യാപകർ, മാനേജ്‌മെന്റ് പ്രതിനിധികൾ, പി.ടി.എ മാതൃസംഗമം പ്രസിഡന്റുമാർ തുടങ്ങിയവർ പങ്കെടുത്തു.


തീരുമാനങ്ങൾ...

മറ്റത്തൂർ ഗവ. എൽ.പി സ്‌കൂൾ, അളഗപ്പനഗർ എ.എൽ.പി സ്‌കൂൾ എന്നിവിടങ്ങിലെ ഫിറ്റ്‌നസ് നഷ്ടപ്പെട്ട കെട്ടിടങ്ങൾ ഉടൻ പൊളിച്ചുനീക്കും.
മറ്റത്തൂർ ഗവ. എൽ.പി സ്‌കൂളിന് മണ്ഡലം ആസ്തിവികസന നിധിയിൽ നിന്നും തുക അനുവദിച്ച് പുതിയ കെട്ടിടം നിർമ്മിക്കും.

അഗപ്പനഗർ എ.എൽ.പി സ്കൂളിന് വിദ്യാഭ്യാസ വകുപ്പിന്റെ ഫണ്ട് ലഭ്യമാക്കി പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് നടപടി സ്വീകരിക്കും.
വിവിധ സ്‌കൂളുകളിൽ അപകടകരമായി വളർന്നു നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റും.

അപകടകരമായ വൈദ്യുതി ലൈനുകളും പോസ്റ്റുകളും മാറ്റും.

വിദ്യാലയങ്ങളോടു ചേർന്ന ലൈനുകൾ കേബിളുകളാക്കി മാറ്റും.