photo-

ചെറുതുരുത്തി: കോഴിമാംപറമ്പ് ചീരക്കുഴി കനാൽ റോഡ് ഇടിഞ്ഞ് വൈദ്യുതി പോസ്റ്റ് തകർന്ന് കനാലിൽ വീണു. കോഴിമാംപറമ്പ് ക്ഷേത്രപരിസരത്തെ റോഡിന്റെ ഭിത്തിയാണ് തകർന്നത്. നൂറുകണക്കിന് വീടുകളിലേക്കുള്ള റോഡിലൂടെ നിരവധി വാഹനങ്ങളും വിദ്യാർത്ഥികളും യാത്ര ചെയ്യുന്നുണ്ട്. ചൊവ്വാഴ്ച രാവിലെയുണ്ടായ ശക്തമായ മഴയിലാണ് കനാലിലേക്ക് പാതയിടിഞ്ഞത്. ഉടൻ നാട്ടുകാർ കെ.എസ്.ഇ.ബി ഓഫീസിൽ വിളിച്ച് വൈദ്യുതി ലൈൻ ഓഫ് ചെയ്തതിനാൽ വൻദുരന്തം ഒഴിവായി. റോഡുവക്കിൽ സംരക്ഷണഭിത്തി കെട്ടണമെന്ന ആവശ്യം പ്രദേശവാസികൾ ഉന്നയിക്കുന്നുണ്ടെങ്കിലും ഇതുവരെ അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്നാണ് പരാതി.