ചേലക്കര: ആറ്റൂരിൽ പുലർച്ചെ കാട്ടാനയുടെ വിളയാട്ടം. അസുരൻകുണ്ട് വനമേഖലയിൽ നിന്നിറങ്ങിയ കാട്ടാന പുലർച്ചെ അഞ്ചേമുക്കാലോടെ ഭഗവതി കുന്നത്ത് ജലനിധിയുടെ പമ്പ് ഓപ്പറേറ്ററായ ഭഗവതി കുന്നത്ത് ജിതിന്റെ ഭാര്യ സുമിയുടെ നേരേ പാഞ്ഞടുത്തു.
ഭഗവതി സുമി ഓടി വീട്ടിനുള്ളിൽ കയറി രക്ഷപ്പെട്ടു. ജനവാസ കേന്ദ്രങ്ങളിലെ പല പുരയിടങ്ങളും മതിലും ഗേറ്റും തകർത്തുകയറിയ കാട്ടാന വ്യാപകമായി കൃഷിയും നശിപ്പിച്ചു. ഇന്നലെ പുലർച്ചെ അസുരൻകുണ്ട് വനം വിട്ടിറങ്ങി ജനവാസമേഖലയിലെത്തിയ കാട്ടാന, വ്യാപക കൃഷിനാശം വരുത്തി. ആറ്റൂർ പെരുമങ്ങാട്ടുമന നാരായണൻ നമ്പൂതിരിയുടെ മതിൽ തകർത്തു. മജീദിന്റെ പറമ്പിലെ മതിൽ, മുഹമ്മദ് റാഫിയുടെ പറമ്പിലെ മതിലും ഗേറ്റും, പെരിയ പുതുശ്ശേരി അലക്‌സാണ്ടറിന്റെ പറമ്പിലെ മതിലും ഗേറ്റും, താമറ്റൂർ കല്യാണിക്കുട്ടിയുടെ വളപ്പിലെ മതിൽ എന്നിവ തകർത്തു.
ജയ ബാബുവിന്റെ നെൽപ്പാടത്തിറങ്ങിയ കാട്ടാന നെൽച്ചെടികളും നശിപ്പിച്ചു. ആന ഇറങ്ങി ആളുകളെ ഓടിച്ച സാഹചര്യത്തിൽ ഇവിടുത്തെ ജനങ്ങൾ കൂടുതൽ പരിഭ്രാന്തിയിലാണ്. കാട്ടാനശല്യം പരിഹരിക്കാൻ എം.പിയും എം.എൽ.എയും അടിയന്തരമായി ഇടപെടണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. മച്ചാട് റേഞ്ച് കേന്ദ്രീകരിച്ച് റാപ്പിഡ് റെസ്‌പോൺസ് ടീം രൂപീകരിച്ച്, മനുഷ്യരെ കാട്ടാനയാക്രമണത്തിൽ നിന്ന് സംരക്ഷിക്കാൻ സോളാർ ഫെൻസിംഗ് സ്ഥാപിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.