taharna-veed

പുതുക്കാട്: കനത്തമഴയിൽ കല്ലൂർ കാവല്ലൂർ പാടം നിറഞ്ഞു കവിഞ്ഞു. കല്ലൂരിൽ സ്വകാര്യ വ്യക്തിയുടെ പറമ്പ് റോഡിലേക്ക് ഇടിഞ്ഞുവീണ് ഗതാഗതം നിലച്ചു. വെള്ളിക്കുളങ്ങര പോത്തൻചിറയിൽ അതിതീവ്രമഴയിൽ മതിൽ ഇടിഞ്ഞുവീണ് സമീപത്തെ വീട്ടിൽ പാർക്ക് ചെയ്തിരുന്ന ബൈക്കുകൾ മണ്ണിനടിയിൽപ്പെട്ടു. പെട്ടന്നുണ്ടായ വെള്ളപ്പാച്ചിലിൽ ആറോളം വീടുകളുടെ തറ നിരപ്പുവരെ വെള്ളം ഉയർന്നു. പോട്ടക്കാരൻ രാമായി വീട് നിർമാണത്തിനായി കൂട്ടിയിട്ടിരുന്ന രണ്ട് ലോഡ് മണലും ഒരു ലോഡ് മെറ്റലും ഒഴുകിപ്പോയി. വരന്തരപ്പിള്ളി പാലപ്പിള്ളിയിൽ പഞ്ചായത്ത് അംഗം എം.ബി.ജലാൽ, അരീപുറം മൈമൂന, വലിയപ്പറമ്പിൽ നാണി എന്നിവരുടെ വീടുകളിൽ വെള്ളം കയറി. റബർ തോട്ടങ്ങളിൽ നിന്നും കുത്തി ഒലിച്ചെത്തുന്ന വെള്ളമാണ് വീടുകളിൽ കയറിയത്. വരന്തരപ്പിള്ളി റോഡിൽ പലഭാഗത്തും മഴ മൂലം വെള്ളക്കെട്ടുകൾ രൂപം കൊണ്ടു. കനത്ത മഴയിൽ കൊടകര ആലത്തൂരിൽ കോരത്ത് വളപ്പിൽ ശോഭനയുടെ ഓട് മേഞ്ഞ വീട് തകർന്നു. ഇന്നലെ ഉച്ചക്ക് രണ്ടിനായിരുന്നു സംഭവം. ആർക്കും പരിക്കില്ല.