ഗുരുവായൂർ: കിഴക്കെനടയിലെ സ്വകാര്യ ലോഡ്ജിലെ ശുചിമുറി മാലിന്യം ചാവക്കാട് നഗരസഭയുടെ വാഹനം എത്തിച്ച് സംസ്‌കരിച്ച സംഭവത്തെ തുടർന്നുള്ള വിവാദങ്ങളിൽ നഗരസഭ കൗൺസിൽ യോഗത്തിൽ ബഹളം. വിഷയത്തിൽ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിക്കപ്പെട്ടതിനെ തുടർന്ന് പ്രതിപക്ഷത്തെ ബി.ജെ.പി അംഗങ്ങൾ ഇറങ്ങിപ്പോയി. ശോഭ ഹരിനാരായണനാണ് പ്രമേയത്തിന് അനുമതി തേടിയത്. അടിയന്തര കൗൺസിലായതിനാൽ അജണ്ടകൾ കഴിഞ്ഞ് വിഷയം ചർച്ച ചെയ്യാമെന്ന് ചെയർമാൻ അറിയിച്ചെങ്കിലും ബി.ജെ.പി അംഗങ്ങൾ തയ്യാറായില്ല. കോൺഗ്രസ് കൗൺസിലർ വി.കെ.സുജിത്തും വിഷയം ഉന്നയിച്ചെങ്കിലും ചെയർമാൻ അനുവദിച്ചില്ല. ഇതെ തുടർന്ന് സുജിത്ത് നടുത്തളത്തിലിറങ്ങി കുത്തിയിരുപ്പ് സമരം നടത്തി. നിയമ വിരുദ്ധമായ ഒന്നും ഈ വിഷയത്തിൽ നടന്നിട്ടില്ലെന്നും ഇത് സംബന്ധിച്ച് പ്രചരിച്ച വാർത്തകൾ അസംബന്ധമാണെന്നും കൗൺസിലിന്റെ അവസാനത്തിൽ ചെയർമാൻ വിശദീകരിച്ചു. വീടുകളിൽ നിന്ന് ജൈവമാലിന്യം ശേഖരിക്കുന്നതിന് ഫീസ് 200ൽ നിന്ന് 250 ആക്കി വർധിപ്പിച്ചു. ബസ് സ്റ്റാൻഡ് നിർമാണത്തിന് കേരള ബാങ്കിൽ നിന്ന് 10.5 ശതമാനം പലിശ നിരക്കിൽ 14.80 കോടി വായ്പയെടുക്കുന്നതിന് കൗൺസിൽ അംഗീകാരം നൽകി.