കൊടുങ്ങല്ലൂർ: കനത്ത കടൽക്കാറ്റ് മൂലം മത്സ്യബന്ധന യാനങ്ങൾ കരയിലേക്ക്. തിങ്കളാഴ്ച മുതൽ എറണാകുളം, തൃശൂർ ജില്ലകളുടെ തീരക്കടലിൽ ശക്തമായ കടൽക്കാറ്റ് വീശിയടിക്കുന്നതിനെത്തുടർന്നാണ് ബോട്ടുകൾ കരയ്ക്കടുപ്പിച്ചത്. ഇന്നലെ വൈകിട്ടും ശക്തമായ കാറ്റുണ്ടായിരുന്നു. ആഴ്ചകളും മാസങ്ങളും കടലിൽ തമ്പടിച്ച് മത്സ്യബന്ധനം നടത്തുന്ന ബോട്ടുകൾക്ക് ശക്തമായ കാറ്റ് മൂലം വലകൾ ഇറക്കാനും വലിക്കാനും കഴിഞ്ഞിരുന്നില്ല.
കനത്ത കാറ്റിനൊപ്പം കടുത്ത കടൽക്ഷോഭവും അനുഭവപ്പെടുന്നുണ്ട്. മീറ്ററുകളോളം ഉയർന്നു പൊങ്ങുന്ന തിരമാലകൾ ബോട്ടുകളിലേക്ക് അടിച്ചു കയറുന്നതിനാൽ മത്സ്യബന്ധന വലയും മറ്റുപകരണങ്ങളും ഒഴുകിപ്പോകാതെ സംരക്ഷിക്കേണ്ട സ്ഥിതിയിലാണ് തൊഴിലാളികൾ. കാറ്റും തിരമാലയും എപ്പോൾ അടങ്ങുമെന്നത് സംബന്ധിച്ച് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൽ നിന്നും അറിയിപ്പുകളൊന്നുമില്ല.
കിഴക്കൻ പ്രദേശങ്ങളിൽ ശക്തമായ മഴയിൽ പുഴകളിലും വെള്ളം ഉയർന്നിട്ടുണ്ട്. അഴീക്കോട് ഹാർബർ ഉൾപ്പെടെ മറ്റ് ഹാർബറുകളിലേക്കും ബോട്ടുകൾ കൂട്ടമായെത്തുന്നുണ്ട്. ട്രോളിംഗ് നിരോധനശേഷം മത്സ്യബന്ധനത്തിനായി കടലിലെത്തിയ ബോട്ടുകൾക്ക് പ്രതീക്ഷിച്ച പോലെ മത്സ്യക്കൊയ്ത്ത് ലഭിക്കുന്നില്ല. കനത്ത അടിയൊഴുക്കും കടൽ വെള്ളത്തിന്റെ വലിവുമാണ് കാരണം. ഇതിനിടെയാണ് കനത്ത കടൽക്കാറ്റും കടൽക്ഷോഭവും പ്രതിസന്ധിയുണ്ടാക്കുന്നത്.