photo-
തകർന്ന പഴയ കൊച്ചിൻ പാലത്തിനു മുകളിൽ വീഡിയോസ് നടത്തുന്ന യുവാക്കൾ

ചെറുതുരുത്തി: അപകടങ്ങൾ പതിയിരിക്കുന്ന പഴയ കൊച്ചിൻ പാലം സെൽഫി പോയിന്റാകുന്നു. കാലവർഷം കനത്തതോടെ കുത്തിയൊലിച്ച് ഒഴുകുന്ന ഭാരതപ്പുഴയ്ക്ക് മുകളിൽ തകർന്ന് അപകടഭീഷണിയിലുള്ള പാലത്തിൽ ഫോട്ടോ ചിത്രീകരണം നിരോധിച്ചിട്ടുള്ളതാണ്. ഈ ഉത്തരവുകൾ മറികടന്നാണ് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ ഇവിടെയെത്തുന്നത്. പാലത്തിലൂടെയുള്ള ഗതാഗതം 2003ൽ നിരോധിക്കുകയും പാലത്തിന്റെ ഇരുവശങ്ങളിലും സംരക്ഷണഭിത്തി കെട്ടി അടച്ചതുമാണ്. എന്നാൽ ഈ ഭിത്തി മറികടന്നാണ് ഇവർ ഫോട്ടോ ചിത്രീകരണത്തിനും വീഡിയോ ചിത്രീകരണത്തിനുമായി എത്തുന്നത്.


പല ഭാഗങ്ങളും ഒലിച്ചുപോയി

14ഓളം പേരാണ് ഈ വർഷം മാത്രം ഭാരതപുഴയിൽ ഒഴുക്കിൽ പെട്ട് മരിച്ചത്. ദിനംപ്രതി ഭാരതപ്പുഴയിൽ നിരവധി ദുരന്തങ്ങൾ നടക്കുമ്പോഴും ഇതൊന്നും കണ്ടില്ലെന്ന മട്ടിലാണ് ഫോട്ടോ ചിത്രീകരണം. കാലവർഷം കനത്തതോടെ ഒഴുക്ക് വർദ്ധിച്ച് പാലത്തിന്റെ പല ഭാഗങ്ങളും ഒലിച്ചു പോകാനുള്ള സാധ്യത കൂടുതലാണ്. ദുർബലമായ പാലത്തിന്റെ ഒരു സ്പാൻ 2011 ൽ തകർന്നിരുന്നു. പിന്നീട് 2018,2022, 2024 എന്നീ ഇടവേളകളിൽ പലതൂണുകളും സ്പാനുകളും തകർന്നു വീണു. ഇപ്പോൾ പാലം പൊളിച്ചു നീക്കുന്നതിനു വേണ്ട നടപടിക്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.

123 വർഷം പഴക്കം

123 വർഷം മുമ്പ് നിർമ്മിച്ച പാലം പൊളിക്കാൻ സർക്കാർ മെയ് മാസത്തിൽ അനുമതി നൽകിയിരുന്നു. പരിസ്ഥിതി ആഘാത പഠന കമ്മിറ്റി നിർദ്ദേശിച്ച നിബന്ധനകൾക്ക് വിധേയമായാണ് പാലം പൊളിക്കുക. 1902ൽ ആണ് പഴയ കൊച്ചിൻ പാലം ബ്രിട്ടീഷുകാർ നിർമ്മിച്ചത്. ഇതിന്റെ ബലക്ഷയം കണക്കിലെടുത്ത് രണ്ടായിരത്തിൽ പുതിയ പാലം നിർമ്മിച്ചു. 2003 ൽ പാലത്തിലെ ഗതാഗതം നിരോധിച്ച് അറ്റകുറ്റപ്പണികൾ നടത്തി ടൂറിസത്തിനായി ശുപാർശ ചെയ്തിരുന്നു. എന്നാൽ ഇതുവരെ നടപ്പായില്ല.

പാലത്തിന്റെ മുകളിലുള്ള ചിത്രീകരണങ്ങൾ പൂർണ്ണമായും നിരോധിച്ചതാണ്. അതിക്രമിച്ച് പാലത്തിനു മുകളിൽ കയറുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും.
പൊലീസ്