veerantyam
വീരനാട്യം

തൃശൂർ : ചടുല ചുവടുമായി സാമ്പ്രദായിക കൈക്കൊട്ടിക്കളിയിൽ നിന്ന് വ്യത്യസ്തമായ വീരനാട്യം കേരളത്തിന്റെ മുക്കിലും മൂലയിലും നിറയുന്നു. എട്ട് വർഷം മുമ്പ് പിറവിയെടുത്ത വീരനാട്യം സ്ത്രീകളിലൂടെ, അമ്മമാരിലൂടെ കുടുംബശ്രീ പോലെ പടർന്നു പന്തലിക്കുകയാണ്. ഇപ്പോൾ ക്ഷേത്രോത്സവങ്ങളിലും മറ്റ് ആഘോഷങ്ങളിലും പ്രധാന കലാരൂപമായി ഇത് മാറി.
2017ൽ പെരിഞ്ഞനം കേന്ദ്രമാക്കി രൂപീകരിച്ച ആലിങ്ങലമ്മ എന്ന തിരുവാതിര കളി സംഘമാണ് വീരനാട്യം എന്ന ചടുലമായ ഈ കലാരൂപത്തിന് തുടക്കം കുറിച്ചത്. വേഗമാണ് പ്രത്യേകത. നാടൻ പാട്ടുകൾ, ഓണപ്പാട്ടുകൾ, ഭക്തിഗാനങ്ങൾ, ആവേശം പകരുന്ന സിനിമാ ഗാനങ്ങൾ എന്നിവ കോർത്തിണക്കിയാണ് അവതരണം. കുട്ടികൾ മുതൽ വീട്ടമ്മമാർ വരെ വീരനാട്യ സംഘങ്ങളുമായി ആഘോഷവേളകളെ ആവേശമാക്കി മാറ്റും. ആദ്യം കൈകൊട്ടിക്കളിയെന്ന പേരിലാണ് അറിയപ്പെട്ടിരുന്നതെങ്കിലും പിന്നീട് പരമ്പരാഗത കലാരൂപത്തെ വികൃതമാക്കുന്നുവെന്ന ആക്ഷേപം ഉയർന്നതിനെ തുടർന്ന് ഇരിങ്ങാലക്കുട സ്വദേശി സന്ദീപ് പോത്താനിയാണ് വീരനാട്യം എന്ന പേര് നൽകിയത്.
ഇന്ന് കേരളത്തിൽ നൂറുകണക്കിന് ടീമുകളാണ് വീരനാട്യവുമായി രംഗത്തുള്ളത്. മിന്നിമറിയുന്ന ചുവടുകൾ കണ്ണടച്ചു തുറക്കും മുമ്പേ മാറുന്ന കളിയാണ് വീരനാട്യം. നേരമ്പോക്ക് എന്ന രീതിയിൽ നിന്ന് ഇപ്പോൾ പ്രൊഫഷണൽ രീതിയിലേക്ക് വീരനാട്യം മാറിക്കഴിഞ്ഞു. എട്ട് മുതൽ 20 വരെ അംഗങ്ങൾ ഉൾപ്പെടുന്ന ടീമാണ് ഓരോന്നും. ചിലയിടങ്ങളിൽ കുടുംബശ്രീ യൂണിറ്റുകൾ വരെ വീരനാട്യവുമായി രംഗത്തുണ്ട്. ഓണപ്പാട്ടുകൾക്കൊപ്പം കലാഭവൻ മണിയുടെ നാടൻ പാട്ടുകളാണ് ഹിറ്റാകുന്നത്. ആദ്യം സെറ്റ് മുണ്ടുടുത്തായിരുന്നു അവതരണം. ഇപ്പോൾ വ്യത്യസ്തങ്ങളായ വേഷങ്ങളാണ് ധരിക്കുന്നത്. ജൂൺ, ജൂലായ് മാസങ്ങളിലൊഴിച്ചാൽ എല്ലാ സമയത്തും ഇപ്പോൾ വേദികൾ ലഭിക്കുന്നുണ്ടെന്ന് ഇവർ പറയുന്നു. ഓണക്കാലമായതോടെ സീസൺ ആരംഭിച്ചു കഴിഞ്ഞു.