nilam-pathicha-slab

കൊടുങ്ങല്ലൂർ : ദേശീയപാത നിർമ്മാണത്തിനിടെ അപകടങ്ങൾ ആവർത്തിക്കുന്നു. വേണ്ടത്ര സുരക്ഷാ സംവിധാനങ്ങൾ ഒന്നും നടത്താതെയുള്ള നിർമ്മാണത്തിനിടെ ചന്തപ്പുര - കോട്ടപ്പുറം ബൈപാസിൽ റോഡിന്റെ മുകളിൽ നിന്നും പാർശ്വഭിത്തിയുടെ വലിയ കോൺക്രീറ്റ് സ്ലാബ് നിലം പതിച്ചു. ചൊവ്വാഴ്ച വൈകീട്ട് സർവീസ് റോഡിലൂടെ വാഹനം കടന്നുപോകുന്നതിന് ഇടയിലായിരുന്നു സംഭവം.

അതുവഴി വന്ന ലോറി തലനാരിഴയ്ക്കാണ് അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്. പ്രധാന റോഡിൽ നിർമ്മാണ പ്രവൃത്തിയിൽ ഏർപ്പെട്ടിരുന്ന ജെ.സി.ബി തട്ടിയാണ് കോൺക്രീറ്റ് സ്ളാബ് നിലം പതിച്ചതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ഈ സർവീസ് റോഡിലൂടെ നിരവധി കാൽ നടയാത്രികരും പോകുന്നതാണ്. ഇക്കഴിഞ്ഞ ദിവസം തടിക്കഷണങ്ങൾ കയറ്റി വന്ന ഒരു ലോറിയും അപകടത്തിൽപെട്ടിരുന്നു. റോഡിലെ കുഴിയിൽ വീണ് തടിക്കഷണങ്ങൾ കയറ്റി വന്ന ലോറി ചെരിയുകയായിരുന്നു. പിന്നീട് തൃശൂരിൽ നിന്നും ക്രെയിൻ കൊണ്ടുവന്നാണ് ലോറി കയറ്റിയത്. നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ദേശീയപാതയിൽ സുരക്ഷാ മുൻകരുതലില്ലാതെയാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതെന്ന പരാതി നിരന്തരം ഉയരുന്നുണ്ടെങ്കിലും അധികൃതരുടെ ഭാഗത്തുനിന്നും നടപടി ഉണ്ടാകുന്നില്ല.