aristo-road
അരിസ്റ്റോ റോഡിന്റെ ഉദ്ഘാടനം ഡെപ്യൂട്ടി മേയർ എം.എൽ. റോസി ഉദ്ഘാടനം ചെയ്യുന്നു

തൃശൂർ: അരിസ്റ്റോ റോഡ് ഉദ്ഘാടനം മേയർ എം.കെ.വർഗീസ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വർഗീസ് കണ്ടംകുളത്തി അടക്കം എൽ.ഡി.എഫ് ബഹിഷ്‌കരിച്ചുവെങ്കിലും ഡെപ്യൂട്ടി മേയർ എം.എൽ. റോസി ഉദ്ഘാടനം നടത്തി. വികസന പ്രവർത്തനങ്ങളിൽ രാഷ്ട്രീയം പാടില്ലെന്നും അരിസ്റ്റോ റോഡ് യാഥാർത്ഥ്യമാക്കുവാൻ ഡിവിഷൻ കൗൺസിലർമാരായ ലീല വർഗീസ്, സിന്ധു ആന്റോ ചാക്കോളയും ആത്മാർത്ഥമായി ശ്രമിച്ചിട്ടുണ്ടെന്നും അത് കണ്ടില്ലെന്ന് നടിക്കുന്നത് ശരിയല്ലെന്നും ഡെപ്യൂട്ടി മേയർ പറഞ്ഞു. കാളത്തോട് കല്യാണ മണ്ഡപത്തിലേക്ക് ഒല്ലൂക്കര സോണൽ ഓഫീസ് മാറ്റുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും മേയറോട് മുഖത്തുനോക്കി പറഞ്ഞതായും ഡെപ്യൂട്ടി മേയർ വ്യക്തമാക്കി. മേയറുടെ ചേംബർ നിയന്ത്രിക്കുന്നത് താത്കാലിക ജീവനക്കാരാണ്. അത് അംഗീകരിച്ച് കൊടുക്കാൻ കഴിയില്ലെന്നും ഡെപ്യൂട്ടി മേയർ പറഞ്ഞു. കൗൺസിലർ ലീല വർഗീസ് അദ്ധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് രാജൻ.ജെ.പല്ലൻ, പൗരസമിതി പ്രസിഡന്റ് ജോസ് മുണ്ടാടൻ, ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോസ് ആലുക്ക തുടങ്ങിയവർ പങ്കെടുത്തു.