പഴുവിൽ: തൃപ്രയാർ - തൃശൂർ റോഡിൽ പുതുതായി നിർമ്മിച്ച ചിറയ്ക്കൽ പാലം തുറന്നുകൊടുത്തു. നിർമ്മാണത്തിന്റെ ഭാഗമായി മൂന്നുമാസമായി ഇതുവഴിയുള്ള ഗതാഗതം പൂർണമായും തടസപ്പെട്ടിരുന്നു. യാത്രാക്ലേശം ഉടൻ പരിഹരിക്കുകയെന്ന തീരുമാനത്തിന്റെ ഭാഗമായാണ് അനുബന്ധ പണികൾ ബാക്കിയുണ്ടെങ്കിലും അടിയന്തരമായി പാലം തുറന്നത്.
സി.സി. മുകുന്ദൻ എം.എൽ.എ, ചാഴൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. മോഹൻദാസ് തുടങ്ങിയവർ നാട്ടുകാർക്കൊപ്പം നടന്നായിരുന്നു പാലം ഉദ്ഘാടനം. ആസ്തി വികസന ഫണ്ടിൽ നിന്നും 5.3 കോടി രൂപ ഉപയോഗിച്ചാണ് 20 മീറ്റർ നീളവും 9.5 മീറ്റർ വീതിയുമുള്ള പാലം നിർമ്മിച്ചത്. ജീർണാവസ്ഥയിലായിരുന്ന പഴയ പാലം പൊളിച്ച് അതേസ്ഥാനത്ത് പുതിയ പാലത്തിന്റെ നിർമ്മാണം ആരംഭിച്ചത് ഈ വർഷം ഫെബ്രുവരി ആറിനായിരുന്നു.
പഴയ പാലത്തിന്റെ അടിത്തൂണുകൾ ഇളക്കി മാറ്റേണ്ടിയിരുന്നതിനാൽ പൈലിംഗ് പ്രവൃത്തികൾക്ക് താമസം നേരിട്ടു. പഴയ പാലം പൊളിച്ചതോടെ സമീപത്ത് നിർമ്മിച്ച താത്കാലിക ബണ്ട് റോഡിലൂടെയായിരുന്നു ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ സഞ്ചരിച്ചത്. എന്നാൽ ഇത് നിർമ്മാണത്തിന് തടസമുണ്ടാക്കി. മേയ് എട്ട് മുതൽ പൂർണമായും ഗതാഗതം നിരോധിച്ചു. തുടർന്നാണ് നിർമ്മാണം വേഗത്തിലായത്. കാലവർഷം നേരത്തെയെത്തിയതും നിർമ്മാണം വൈകിച്ചു.
ബസുകൾ പാലത്തിന്റെ ഇരുഭാഗങ്ങളിലും ക്രമീകരിച്ചായിരുന്നു ബസ് സർവീസ്. കാൽനടയ്ക്കായി താത്കാലിക നടപ്പാലം പ്രത്യേകം സജ്ജമാക്കിയിരുന്നു.
ബാക്കി പ്രവൃത്തികൾ
പാലത്തിന്റെ ഇരുഭാഗങ്ങളിലും അപ്രോച്ച് റോഡുകളിലും പാലത്തിലെ നടപ്പാതയിലും ടൈൽ വിരിക്കൽ, പുഴയുടെ സംരക്ഷണ ഭിത്തികളും കടവും നിർമ്മിക്കൽ, പെയിന്റിംഗ് എന്നിവയാണ് ശേഷിക്കുന്ന പ്രവൃത്തികൾ.
വാഹനങ്ങൾ ഓടി അപ്രോച്ച് റോഡ് നല്ലവണ്ണം ഉറച്ചശേഷമെ ടൈൽ വിരിക്കാനാകൂ.
- എൻജിനിയർ