br

ചേലക്കര: 'വനാതിർത്തി ലംഘിച്ച് നാട്ടിലിറങ്ങുന്ന ആനകളുടെ മേൽ കർശന നടപടി ' തുടർച്ചയായി നാട്ടിലിറങ്ങി നാശം വിതക്കുകയും ഭീതി പരത്തുകയും ചെയ്യുന്ന കാട്ടാനകളെ കൊണ്ട് പൊറുതിമുട്ടിയ നാട്ടുകാർ ബോർഡ് വച്ച് താക്കീതും നൽകി.

വനപാലകരോടും ജനപ്രതിനിധികളോടും ഉദ്യോഗസ്ഥരോടുമൊക്കെ പരാതിയും പരിഭവവും പറഞ്ഞിട്ടും ആനയുടെ വരവിന് പരിഹാരമായില്ല. ഇപ്പോൾ പ്രതിദിനം കാട്ടാന ജനവാസ മേഖലയിലൂടെ വിലസാൻ തുടങ്ങി. ഒടുവിൽ സഹികെട്ട നാട്ടുകാർ ഒരു തീരുമാനമെടുത്തു. ആനയെ ബോധവത്കരിക്കുക. ആദ്യപടി എന്ന നിലയ്ക്ക് ആനകളുടെ ശ്രദ്ധയ്ക്ക് എന്ന ബോർഡ് സ്ഥാപിച്ച് വേറിട്ട പ്രതിഷേധം നടത്തുകയാണ് ആറ്റൂർ, മണലാടി, പാറപ്പുറം നിവാസികൾ. അധികൃതരിൽ പ്രതീക്ഷ നഷ്ടപ്പെട്ട പ്രദേശവാസികളാണ് ബോർഡ് വെച്ച് വേറിട്ട പ്രതിഷേധവുമായി രംഗത്തെത്തിയത്.

കാട്ടാനകളുടെ ശ്രദ്ധയ്ക്ക് എന്ന തലക്കെട്ടോടെ സ്ഥാപിച്ച ബോർഡിൽ, വനാതിർത്തി ലംഘിച്ച് നാട്ടിലേക്കിറങ്ങുന്ന ആനകളുടെ മേൽ കർശന നടപടി സ്വീകരിക്കുന്നതായിരിക്കുമെന്നും ജനവാസമേഖലയിൽ നാശം വിതയ്ക്കുന്ന ആനകളിൽ നിന്നും നഷ്ടം ഈടാക്കുന്നതാണ് എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. കൗതുകത്തിനായാണ് ബോർഡ് വച്ചതെങ്കിലും ആന സ്ഥിരമായി നാട്ടിലിറങ്ങി നടക്കുന്നതിൽ ഏവരും ഭയാശങ്കയിലാണ്.