തൃപ്രയാർ: ഏങ്ങണ്ടിയൂർ സെന്റ് തോമസ് ഹയർസെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പലിനെതിരെ ഗുരുതര ആരോപണവുമായി പി.ടി.എ കമ്മിറ്റി. ഹയർസെക്കൻഡറി വിഭാഗവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പി.ടി.എ കമ്മിറ്റിയുമായി ചർച്ച ചെയ്യുന്നില്ലെന്നും പ്രവേശനോത്സവത്തിന് പോലും പി.ടി.എ അംഗങ്ങളെ പങ്കെടുപ്പിച്ചില്ലെന്നും ആരോപിച്ചു.
സമരത്തിന് മുൻപ് സ്‌കൂളിന് അവധി നൽകുകയും ബാലാവകാശ കമ്മിഷന്റെ നിർദ്ദേശത്തിന് വിരുദ്ധമായി ക്ലാസ് മുറികളിൽ സി.സി.ടി.വി ക്യാമറകൾ സ്ഥാപിച്ചെന്നും ആരോപിച്ചു. സ്‌കൂളിലെ അദ്ധ്യാപകനുമായി കൂട്ടുചേർന്ന് കുട്ടികളുടെ ഭാവിയെ ബാധിക്കുന്ന തെറ്റായ പ്രവ്യത്തികളാണ് പ്രിൻസിപ്പൽ നടത്തുന്നതെന്നും വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഈ അദ്ധ്യാപകൻ സ്‌കൂളിൽ ഹാജരാകാതെ പ്രിൻസിപ്പലിന്റെ ഒത്താശയോടെ ഒപ്പിടുകയാണ്.
പുറത്തുനിന്ന് മറ്റൊരു ടീച്ചറെ പകരക്കാരിയായി നിയമിച്ചിരുന്നെങ്കിലും ഇദ്ദേഹം സ്‌കൂളിലെത്തി ശമ്പളം കൈപ്പറ്റി വരുന്നതായും ഭാരവാഹികൾ ആരോപിച്ചു. അദ്ധ്യാപകൻ കഴിഞ്ഞ രണ്ട് വർഷമായി സർക്കാർ പണവും ഓണറേറിയവും കൈപ്പറ്റുകയാണ്. ഇക്കാര്യത്തിലും അന്വേഷണം നടത്തണം. ഇതിനെതിരെ സ്‌കൂൾ കോർപ്പറേറ്റ് മാനേജർക്ക് രേഖാമൂലം പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. ഇനി വിജിലൻസിന് പരാതി നൽകും. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി, ഹയർസെക്കൻഡറി ഡെപ്യൂട്ടി ഡയറക്ടർ എന്നിവർക്ക് പരാതി നൽകി. പരാതിയുമായി കോടതിയിൽ പോകുമെന്നും ഭാരവാഹികൾ അറിയിച്ചു. പി.ടി.എ പ്രസിഡന്റ് സൗമ്യ രമേഷ്, വൈസ് പ്രസിഡന്റ് രാധാകൃഷ്ണൻ പുളിഞ്ചോട്, എം.പി.ടി.എ പ്രസിഡന്റ് സുഹറ മൂസ, ഉദയ് തോട്ടപ്പുള്ളി, ഇ.പി.ഗോപൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.