ചേലക്കര: നൂറ്റാണ്ടുകൾ കൊണ്ട് പടുത്തുയർത്തിയ പേരും പ്രശസ്തിയും കുത്താമ്പുള്ളിയുടെ പൈതൃകവും നഷ്ടപ്പെടുമോയെന്ന ആശങ്കയിൽ നെയ്ത്തുകാരും അവർക്കൊപ്പം താങ്ങായി നിൽക്കുന്ന വ്യാപാരികളും. കുത്താമ്പുള്ളിയെന്ന പേരിൽ അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന പട്ട്, റെയിമെയ്ഡ് വസ്ത്രങ്ങളാണ് പാരമ്പര്യത്തനിമയ്ക്ക് കോട്ടമുണ്ടാക്കുന്നത്.

നൂറ്റാണ്ടുകൾക്ക് മുമ്പ് അയൽ സംസ്ഥാനത്ത് നിന്നും രാജവംശത്തിന് വസ്ത്രം നെയ്യാനായെത്തിയ ദേവാംഗ സമുദായക്കാരുടെ പിന്മുറക്കാർ നെയ്യുന്ന കേരള സാരിയും സെറ്റുസാരിയും, സെറ്റ് മുണ്ടും, വേഷ്ടിയും എല്ലാം ഈടിലും ഗുണത്തിലുമെല്ലാം മുൻപന്തിയിലുള്ളതാണ്. തറിയും നൂലും പാവും കസവും, ഡിസൈൻ കാർഡും മറ്റ് അസംസ്‌കൃത വസ്തുക്കളും ഒരുക്കി കൊടുത്ത് അർഹമായ വേതനവും നൽകി വസ്ത്രങ്ങൾ മൊത്തമായും ചില്ലറയായും വിൽക്കുന്ന നിരവധി കൈത്തറി വസ്ത്ര വ്യാപാരികൾ ഇവിടുണ്ട്. ഇത്തരത്തിൽ നെയ്യുമ്പോൾ കൈത്തറി സെറ്റ് സാരിക്ക് 1,500 മുതൽ 15,000 വരെയും സെറ്റ് മുണ്ടിന് 1,500 മുതൽ 6,000 വരെയും ഡബിൾ മുണ്ടിന് 8,00 മുതൽ 3,000 വരെയുമാണ് വില. എന്നാൽ വിലക്കുറവിൽ വേണ്ടപ്പെട്ടവർക്കായി പവർ ലൂമിൽ നെയ്‌തെടുത്ത് വസ്ത്രങ്ങളും ഇവിടെയെത്തിച്ച് വിൽക്കുന്നുണ്ട്. പവർ ലൂമാകുമ്പോൾ മൂന്നിലൊന്നേ വിലവരൂ. കാലാവസ്ഥ അനുകൂലമല്ലാത്തതിനാലും വൈദഗ്ദ്ധ്യ കുറവിനാലും പട്ടുസാരിയും ഇവിടെ നെയ്യുന്നില്ല. കോട്ടൻ സാരിയാണ് നെയ്യാറ്. മനോഹരമായ ഡിസൈനിംഗും പ്രിന്റിംഗും നടത്തി ന്യായവിലയ്ക്കാണ് വിൽപ്പന. നവ മാദ്ധ്യമങ്ങളുടെ കടന്നുകയറ്റവും വ്യാജനെ വേർതിരിച്ചറിയാൻ പ്രയാസം സൃഷ്ടിക്കുന്നു. അന്യ സംസ്ഥാനങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്ത പട്ട് , റെഡിമെയ്ഡ് ഉത്പന്നങ്ങൾ കച്ചവടം ചെയ്യുന്നുണ്ട്. ഇവയ്ക്ക് കുത്താമ്പുള്ളിയുമായി പുലബന്ധം പോലുമില്ല. തനത് വസ്ത്ര വിപണിക്ക് മങ്ങൽ വരുന്നതോടെ നെയ്ത്തുകാർക്ക് ജോലിയും കൂലിയും നഷ്ടപ്പെട്ട് മറ്റ് തൊഴിൽ തേടേണ്ടിവരുന്ന അവസ്ഥയുമുണ്ട്.