1
1

അന്തിക്കാട് : ചുമരും മേൽക്കൂരയും ദ്രവിച്ച് ശോചനീയാവസ്ഥയിലായി ഏതു നിമിഷവും തകർന്നുവീഴാവുന്ന ദയനീയാവസ്ഥയിലാണ് പെരിങ്ങോട്ടുകര ഗവ.എൽ.പി സ്‌കൂൾ കെട്ടിടം. നൂറുവർഷം പഴക്കമുള്ള ഈ കെട്ടിടത്തിലാണ് സ്‌കൂളിലെ എൽ.പി വിഭാഗം ക്ലാസ് പ്രവർത്തിക്കുന്നത്. കെട്ടിടത്തിന്റെ ചുമരുകൾ അടക്കം ദ്രവിച്ച നിലയിലാണ്. ഓടുകൾ തകർന്നതോടെ ചോർച്ച ഒഴിവാക്കാൻ സ്‌കൂൾ കെട്ടിടത്തിനു മുകളിൽ ടാർപോളിൻ ഷീറ്റ് വിരിച്ചിരിക്കയാണ്. താന്ന്യം പഞ്ചായത്തിന് കീഴിലുള്ള പെരിങ്ങോട്ടുകര ഹയർ സെക്കൻഡറി സ്‌കൂളിന്റെ ഭാഗമായുള്ളതാണ് ഈ എൽ.പി സ്‌കൂൾ കെട്ടിടം. കൊടകര കോടാലി എൽ.പി സ്‌കൂളിലെ ഓഡിറ്റോറിയത്തിന്റെ മേൽക്കൂര തകർന്ന് അപകടമുണ്ടായത് കഴിഞ്ഞ ദിവസമാണ്. എൽ.പി, യു.പി, ഹയർ സെക്കൻഡറി വിഭാഗങ്ങളിലടക്കം 700ലധികം കുട്ടികൾ പഠിക്കുന്ന സർക്കാർ വിദ്യാലയത്തിന്റെ ഒരു ഭാഗമാണ് തകർച്ച ഭീഷണി നേരിടുന്നത്. പുതിയ കെട്ടിടം വേണമെന്ന് അദ്ധ്യാപകർ അടക്കം ആവശ്യപ്പെടുന്നുണ്ടെങ്കിലും അധികാരികൾ കേട്ട ഭാവം നടിക്കാത്ത അവസ്ഥയാണ്. തകർച്ചാ ഭീഷണി നേരിടുന്ന കെട്ടിടത്തിൽ നിന്ന് കുട്ടികളുടെ പഠനം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റണമെന്നാണ് രക്ഷിതാക്കളുടെയും നാട്ടുകാരുടെയും ആവശ്യം.

പുതിയ കെട്ടിടത്തിനായി മുട്ടാത്ത വാതിലുകൾ ഇല്ല. ഫണ്ടില്ലെന്ന് പറഞ്ഞ് എം.എൽ.എ കൈയൊഴിഞ്ഞു.
-സുഗേന്ദു സെൻ
(പി.ടിഎ പ്രസിഡന്റ്)