c
C

ചേർപ്പ്: ചേർപ്പ് ഭഗവതി ക്ഷേത്ര പരിസരത്ത് ലൈറ്റ് സ്ഥാപിക്കുന്നതിനെച്ചൊല്ലി വിവാദം. വിവാദം കൊടുമ്പിരിക്കൊള്ളുമ്പോഴും ലൈറ്റൊന്നും തന്നെ ഇതുവരെ ആരും ഇവിടെ സ്ഥാപിച്ചിട്ടുമില്ല. എം.പി ഫണ്ടിൽ നിന്നും ഹൈമാസ്റ്റ് ലൈറ്റ് അനുവദിച്ചിട്ടുണ്ടെന്ന് ബി.ജെ.പി അവകാശപ്പെടുമ്പോൾ പഞ്ചായത്ത് മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുമെന്ന് കോൺഗ്രസും അവകാശപ്പെടുകയാണ്. ഇതിനായി ഫണ്ട് അനുവദിച്ചെന്നും അഭിവാദ്യങ്ങൾ നേർന്നും ഇരുവിഭാഗവും പ്രദേശത്ത് പോസ്റ്റർ, ഫ്ളക്സ് പ്രചാരണം തുടങ്ങിയിട്ടുണ്ട്. ചേർപ്പ് പഞ്ചായത്ത് 19-ാം വാർഡിൽ ചേർപ്പ് ഭഗവതി ക്ഷേത്ര പരിസരത്ത് പ്രവർത്തകരുടെ അഭ്യർത്ഥനയെത്തുടർന്നാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി കഴിഞ്ഞ ദിവസം പ്രദേശത്ത് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിന് ഫണ്ട് അനുവദിച്ചതെന്ന് ബി.ജെ.പി അവകാശപ്പെടുന്നു. ഇതിനായി 5 ലക്ഷം രൂപ അനുവദിച്ചുവെന്നാണ് പറയുന്നത്. വാർഡ് അംഗം ധന്യ സുനിലിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് മിനി മാസ്റ്റ് അനുവദിച്ചതായും അഭിനന്ദനങ്ങൾ അറിയിച്ചും പോസ്റ്റുകൾ പതിച്ചിട്ടുണ്ട്. ഇതിനായി രണ്ട് ലക്ഷം രൂപ പഞ്ചായത്ത് അനുവദിച്ചതായി പറയുന്നു. ഇരുവിഭാഗവും സോഷ്യൽമീഡിയയിലും പോസ്റ്റ് പോര് കൊഴുക്കുകയാണ്. ഹൈമാസ്റ്റായാലും മിനിമാസ്റ്റായാലും വേണ്ടില്ല ഏതെങ്കിലും ലൈറ്റ് ആരെങ്കിലും സ്ഥാപിച്ചാൽ മതി എന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ.