മാള: പൊയ്യ പഞ്ചായത്തിലെ 6, 7 വാർഡുകൾ ഉൾപ്പെട്ട പൂപ്പത്തി ഉന്നതിയെ പട്ടികജാതി വികസന വകുപ്പ് അംബേദ്കർ ഗ്രാമപദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പട്ടികജാതി ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ.കേളു നിർവഹിച്ചു. വി.ആർ.സുനിൽകുമാർ എം.എൽ.എ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ ഷാന്റി, വൈസ് പ്രസിഡന്റ് ഡൊമിനിക് ജോമോൻ, ജില്ലാ പഞ്ചായത്ത് അംഗം പി.കെ.ഡേവിസ്, സന്ധ്യ നൈസൺ, സി.എൻ. സുധാർജുനൻ, കെ.സി.വർഗീസ് എന്നിവർ പങ്കെടുത്തു.
പൂർത്തിയായത് നാല് പ്രവൃത്തികൾ
പൂപ്പത്തി അംബേദ്കർ ഗ്രാമത്തിൽ ഉൾപ്പെടുത്തി അഞ്ച് ലക്ഷത്തോളം രൂപ ചെലവഴിച്ച നാല് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി. കുടിവെള്ളം, സ്ത്രീ ശാക്തീകരണം എന്നിവ ലക്ഷ്യമിട്ട് നടപ്പാക്കിയ പദ്ധതിയുടെ ഭാഗമായി 5,83,088 രൂപ ചെലവിൽ 109 വീടുകളിൽ ഓരോന്നിലും 500 ലിറ്റർ ശേഷിയുള്ള പി.വി.സി വാട്ടർ ടാങ്കുകൾ വിതരണം ചെയ്തു. 25,000 ലിറ്റർ കപ്പാസിറ്റിയുള്ള ഓവർഹെഡ് ടാങ്ക് നിർമ്മാണത്തിന് 15,16,889 രൂപയും 17 വീടുകളിൽ ഗാർഹിക കണക്ഷൻ ലഭ്യമാക്കാൻ 11,64,569 രൂപയും ചെലവഴിച്ചു. നിലവിലെ വീടുകളിലെ കുടിവെള്ള വിതരണം മെച്ചപ്പെടുത്തുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. അതിനൊപ്പം വനിതാ സ്വയംതൊഴിൽ പരിശീലന കേന്ദ്രം രണ്ട് നിലകളിലായി 20,39,815 രൂപ ചെലവിൽ നിർമ്മിച്ചു.