കൊടുങ്ങല്ലൂർ: ട്രോളിംഗ് നിരോധനം കഴിഞ്ഞിട്ടും സജീവമാകാതെയായിരുന്ന അഴീക്കോട് ഹാർബർ ഇന്നലെ മികച്ച മീനുകൾ എത്തിയതോടെ സജീവത വീണ്ടെടുത്തു. അഴീക്കോട് നിന്നും ഇന്നലെ മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളിൽ അഞ്ച് വള്ളങ്ങൾക്ക് നിറയെ വലിയ വറ്റയും കുടുതയും ലഭിച്ചു. അഴീക്കോട് പടിഞ്ഞാറ് 16 നോട്ടിക്കൽ മൈൽ അകലെ മത്സ്യബന്ധനം നടത്തിയ ക്യാപ്ടൻ വള്ളത്തിന് കിട്ടിയ വറ്റ എന്ന മീൻ 23 ലക്ഷം രൂപയുടെ ലേലത്തിലാണ് പോയത്. ഒരു വറ്റ ഒന്നേമുക്കാൽ കിലോയോളം തൂക്കമുണ്ടായിരുന്നു. എറിയാട് സ്വദേശിയുടെതാണ് ക്യാപ്ടൻ വള്ളം. പൊതു മാർക്കറ്റിൽ വലിയ കടൽ വറ്റയ്ക്ക് കിലോഗ്രാം 600 രൂപ വില വരും. മറ്റൊരു വള്ളമായ വടക്കുന്നാഥൻ വള്ളത്തിലെ വറ്റ എട്ടര ലക്ഷം രൂപയ്ക്കും മറ്റു വള്ളങ്ങളിൽ ആറ് ലക്ഷവും അഞ്ച് ലക്ഷത്തിനുമാണ് ലേലം പോയത്. വെളൂരി, മണങ്ങ് എന്നിവ കിട്ടിയ വള്ളങ്ങളും ഹാർബറിൽ എത്തിയിരുന്നു. കുടുത എന്ന മീൻ 600 ഗ്രാം തൂക്കത്തിലും ഉള്ളവയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ചെറിയ അയല മാത്രമായിരുന്നു ഹാർബറിൽ എത്തിയിരുന്നത്.
അഴീക്കോട് ഹാർബറിൽ ഏറെയും പരമ്പരാഗത മത്സ്യബന്ധനം നടത്തുന്ന വള്ളങ്ങളാണ് അടുക്കുന്നത്. എന്നാൽ ഒരു മാസത്തിലധികമായി മീനൊന്നും കാര്യമായി കിട്ടാത്തതു മൂലം ഹാർബറിൽ തിരക്ക് കുറവായിരുന്നു. അതേസമയം ട്രോളിംഗ് നിരോധനത്തിന് ശേഷം ചാകര പ്രതീക്ഷിച്ച കടലിലിറങ്ങിയ ബോട്ടുകൾക്ക് നിരാശയായിരുന്നു ഫലം. പ്രതീക്ഷിച്ച മീനൊന്നും അവർക്ക് കിട്ടിയില്ല. കനത്ത അടിയൊഴുക്കും കടൽ വെള്ളത്തിന്റെ വലിവുമാണ് മത്സ്യങ്ങൾ ലഭിക്കാതെയായതിന് കാരണമെന്നു പറയുന്നു. ഏതാനും ബോട്ടുകൾക്ക് കുറച്ച് കിളിമീനും കരക്കാടി ചെമ്മീനും മാത്രമാണ് ലഭിച്ചത്. പ്രതികൂല കാലാവസ്ഥയും വിനയായി. കാലവർഷവും കടൽക്ഷോഭവും നിയന്ത്രണവും കടലിൽ ഇറങ്ങാൻ കഴിയാത്ത സ്ഥിതിയും ഉണ്ടാക്കി.