ചാലക്കുടി: ആധുനിക സംവിധാനവും ചികിത്സാ സൗകര്യങ്ങളും ഉണ്ടായിട്ടും ക്ഷയരോഗത്തിന് കിടത്തി ചികിത്സയില്ലാതെ ചാലക്കുടി താലൂക്ക് ആശുപത്രി. ഒരു പതിറ്റാണ്ട് മുമ്പ് വരെ പഴയ കെട്ടിടത്തിലാണ് ക്ഷയരോഗ വാർഡ് പ്രവർത്തിച്ചത്. എന്നാൽ പുതിയ കെട്ടിടം നിർമ്മിച്ചതോടെ ടി.ബി വാർഡ് അപ്രത്യക്ഷമായി. രോഗികൾ കുറഞ്ഞതാണ് മുഖ്യകാരമണമായി അധിക ചൂണ്ടിക്കാട്ടിയത്. എന്നാൽ ഏറ്റവും വലിയ താലൂക്കുകളിൽ ഒന്നായ ചാലക്കുടിയിൽ നിരവധി രോഗികളാണ് എത്തുന്നത്. കിടത്തി ചികിത്സ ആവശ്യമായാൽ ഇവരെ ജില്ലാ ആശുപത്രിയിലേക്ക് വിടുകയാണ് ഇപ്പോഴത്തെ രീതി.

ചർച്ച സജീവം

താലൂക്ക് ആശുപത്രിയിൽ ടി.ബിക്ക് വീണ്ടും വാർഡ് ഒരുക്കൻ എച്ച്.എം.സി യോഗത്തിൽ ആലോചനകൾ നടന്നിരുന്നു. മോർച്ചറി പ്രവർത്തിക്കുന്ന കോമ്പൗണ്ടിൽ കെട്ടിടം ഐസ്വലേഷൻ വിഭാഗമാക്കാനായിരുന്നു ചർച്ചകൾ. എന്നാൽ പിന്നീട് നടപടി ഉണ്ടായില്ല. ക്ഷയരോഗ ചികിത്സയ്ക്കാകട്ടെ നിലവിൽ ഡോക്ടർമാരുമില്ല.

പരാതിയുമായി രോഗി

കഴിഞ്ഞ ദിവസം ക്ഷയ രോഗ ബാധിതനായി എത്തിയ വൃദ്ധന്റെ തുടർ ചികിത്സ സംബന്ധിച്ച് ആശുപത്രിയിൽ വലിയ വാക്കേറ്റങ്ങൾ നടന്നിരുന്നു. ജില്ലാ ആശുപത്രിയിലേയ്ക്ക് മാറ്റണമെങ്കിൽ താലൂക്ക് ആശുപത്രിയിൽ നിന്നുള്ള രേഖകൾ ആവശ്യമാണ്. രേഖകൾ കൊടുക്കാൻ വിസമ്മതിച്ച ഡോക്ടർക്കെതിരെ ഉറുമ്പൻകുന്ന സ്വദേശിയായ രോഗിയുടെ മകൻ പരാതി ഉന്നയിച്ചു. ഈയിടെ ക്ഷയ രോഗം കൂടുന്നതായി വിവരം പുറത്തുവരുന്നുണ്ട്. ചില ആദിവാസി ഉന്നതികളും ഇത്തരം സംശയത്തിന്റെ നിഴലിലാണ്.