pudukad-railway-station
പുതുക്കാട് റെയില്‍വേ സ്‌റ്റേഷന്‍

പുതുക്കാട്: ദിനം പ്രതി ആയിരത്തിലധികം യാത്രക്കാർ എത്തുന്ന പുതുക്കാട് റെയിൽവേ സ്‌റ്റേഷൻ ഇന്നും അവഗണനയിൽ.
സൗകര്യങ്ങളുടെ അപര്യാപ്തതയും കടന്നുപോകുന്ന ഭൂരിഭാഗം ട്രെയിനുകൾക്കും സ്റ്റോപ്പില്ലാത്തും യാത്രക്കാരെ ദുരിതത്തിലാക്കുന്നു. നിരവധി യാത്രക്കാരുള്ള എറണാകുളം ഭാഗത്തേക്ക് വൈകീട്ട് ആറ് മണി കഴിഞ്ഞാൽ പിറ്റേ ദിവസം രാവിലെ 5.30 ന്് ഷൊർണ്ണൂർ - എറണാകുളം മെമ്മു ആണ് ആദ്യത്തെ ട്രെയിൻ. ഈ സമയ ദൈർഘ്യം യാത്രക്കാരെ വലയ്ക്കുകയാണ്. പുലർച്ചെ നാലിന് പുതുക്കാട് എത്തുന്ന ഹ്രസ്വ ദൂര ട്രെയിനായ ഗുരുവായൂർ - തിരുവനന്തപുരം ഇന്റർസിറ്റി എക്‌സ്പ്രസിനും മുപ്പത് മിനിറ്റോളം അങ്കമാലിയിൽ പിടിച്ചിടുന്ന ഷൊർണ്ണൂർ- തിരുവനന്തപുരം വേണാട് എക്‌സ്പ്രസിനും പുതുക്കാട് സ്‌റ്റോപ്പ് അനുവദിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു.

ഒന്നാം പ്ലാറ്റ്‌ഫോം 24 കോച്ചുകൾ നിറുത്തുന്നവിധം നവീകരിച്ചതിനാൽ എക്‌സ്പ്രസ് ട്രെയിനുകൾക്ക് സ്‌റ്റോപ്പ് അനുവദിക്കാൻ തടസമില്ല. എന്നാൽ രണ്ടാം പ്ലാറ്റ്‌ഫോമിന്റെ നീളക്കുറവാണ് യാത്രക്കാർ നേരിടുന്ന മറ്റൊരു വെല്ലുവിളി. നിലവിൽ 17 കോച്ചുകൾ നിൽക്കുമെന്നാണ് റെയിൽവേയുടെ കണക്കെങ്കിലും 11 കോച്ചുകളാണ് പ്ലാറ്റ്‌ഫോമിൽ നിൽക്കുന്നത്. സൗകര്യങ്ങളുടെ അപര്യാപ്ത പരിഹരിക്കാൻ പുതുക്കാട് സ്‌റ്റേഷനെ ആദർശ് സ്‌റ്റേഷനിൽ ഉൾപ്പെടുത്തി കൂടുതൽ ഇരിപ്പിടങ്ങൾ, മേൽക്കൂരകൾ, പാർക്കിംഗ് മേൽക്കൂരകൾ, ലൈറ്റുകൾ എ.ടി.എം സൗകര്യം, ശുചിമുറികൾ മുതലായവ ഒരുക്കണമെന്നുമുള്ള ആവശ്യം ഉയരുന്നുണ്ട്. കൂടുതൽ സ്‌റ്റോപ്പ് അനുവദിക്കുന്നത് സംബദ്ധിച്ച് ഏറെ പ്രതീക്ഷയോടെ കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്ക് ട്രെയിൻ പാസഞ്ചേഴ്‌സ് അസോസിയേഷൻ നിവേദനം നൽകിയെങ്കിലും നടപടിയില്ല.

സ്‌റ്റോപ്പുള്ളത്


നിലവിൽ ബാംഗ്ലൂർ - കന്യാകുമാരി ഐലന്റ് എക്‌സ്പ്രസ്, മംഗലാപുരം - കന്യാകുമാരി പരശുറാം എക്‌സ്പ്രസ് , ആലപ്പുഴ - കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ്, ഗുരുവായൂർ - മധുര എക്‌സ്പ്രസ് അടക്കം 17 ട്രെയിനുകൾക്കാണ് പുതുക്കാട് സ്‌റ്റോപ്പുള്ളത്. തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്ന ഇന്റർസിറ്റി എക്‌സ്പ്രസിന് ഒരു ദിശയിലേക്കുള്ള സ്‌റ്റോപ്പെങ്കിലും അനുവദിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു.


പാളം കടക്കാൻ പെടാപ്പാട്

സ്‌റ്റേഷനിൽ പാളം മുറിച്ച് കടക്കാൻ യാത്രക്കാർ ബുദ്ധിമുട്ടുന്നത് പതിവ് കാഴ്ചയാണ്. രണ്ടാം പ്ലാറ്റ് ഫോമിന് വീതിയില്ലാത്തത് മൂലം രണ്ട് പ്ലാറ്റ്‌ഫോമിനേയും ബന്ധിപ്പിക്കാൻ ഫൂട്ട് ഓവർ ബ്രിഡ്ജ് നിർമ്മിക്കാൻ സാധിക്കില്ലെന്നാണ് റെയിൽവേ അധികൃതർ പറയുന്നത്.
പാഴായി നിന്നും വരുന്ന യാത്രക്കാർക്കായി സ്റ്റേഷന് എതിർവശത്ത് ഒരു കവാടം നിർമ്മിച്ച് ഈ ഭാഗത്ത് നിന്ന് ഒരു ഫൂട്ട് ഓവർ ബ്രിഡ്ജ് നിർമ്മിക്കണമെന്ന ആവശ്യവും ശക്തമാണ്.