തൃശൂർ: ലഹരി വിരുദ്ധ ബോധവത്കരണ പ്രവർത്തനങ്ങളിൽ കേരളകൗമുദിക്ക് അഭിനന്ദനാർഹമായ പങ്കാണുള്ളതെന്ന് സിറ്റി പൊലീസ് കമ്മിഷണർ ആർ.ഇളങ്കോ. കേരളകൗമുദി തൃശൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 'ബോധപൗർണമി' ലഹരിവിരുദ്ധ ബോധവത്കരണ ക്യാമ്പയിനും കേരളകൗമുദി എക്‌സലൻസ് അവാർഡ് വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലഹരിക്കെതിരെ ബോധവത്കരണ പ്രവർത്തനങ്ങൾ വ്യാപകമായി നടക്കുന്നുണ്ട്. മാദ്ധ്യമങ്ങളും അതിൽ സജീവമാണ്. അക്കൂട്ടത്തിൽ കേരളകൗമുദിയുടെ ഇടപെടൽ പ്രശംസാർഹമാണ്. പുകവലിയും മദ്യപാനവുമെല്ലാം ശാസ്ത്രീയമായ മാർഗങ്ങളിലൂടെ എന്നേക്കുമായി നിറുത്താനാകും. പക്ഷേ, കഞ്ചാവും എം.ഡി.എം.എ, എൽ.എസ്.ഡി സ്റ്റാമ്പും അടക്കമുളള രാസലഹരികൾക്ക് അടിമപ്പെട്ടുപോയാൽ അതിൽ നിന്ന് പിന്മാറാനാവില്ല.
ലഹരിയിൽ നിന്ന് കിട്ടുന്ന നൈമിഷിക സുഖങ്ങളേക്കാൾ എത്രയോ ഇരട്ടിയാണ് അതിന്റെ പാർശ്വഫലങ്ങൾ. പോളിയോയും മറ്റും രോഗങ്ങളുമെല്ലാം പ്രതിരോധ പ്രവർത്തനങ്ങളിലൂടെ നിർമ്മാർജനം ചെയ്തതു പോലെ ലഹരിയെ പെട്ടെന്ന് ഇല്ലാതാക്കാനാവില്ല. പഠനവും പാഠ്യേതര പ്രവർത്തനങ്ങളുമാകണം വിദ്യാർത്ഥികളുടെ ലഹരി. തിരുക്കുറളിൽ പറയുന്നതുപോലെ, മക്കൾ ജനിക്കുമ്പോൾ ഉള്ളതിനേക്കാൾ വലിയ ആഹ്‌ളാദം അവർ ഉയർന്ന നിലയിലെത്തുമ്പോഴാണ് മാതാപിതാക്കൾ അനുഭവിക്കുന്നത്. അതുകൊണ്ട് മാതാപിതാക്കൾക്ക് മക്കൾ തിരികെ നൽകേണ്ടത് നന്ദിയും കടപ്പാടുമാണെന്ന് ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു.
കേരളകൗമുദി ഡെപ്യൂട്ടി എഡിറ്ററും തൃശൂർ, കൊച്ചി യൂണിറ്റ് ചീഫുമായ പ്രഭു വാര്യർ അദ്ധ്യക്ഷനായി.
പുതുക്കാട് പ്രജ്യോതി നികേതൻ കോളേജ് ഫൗണ്ടറും ഡയറക്ടറുമായ ഡോ. ഹർഷജൻ പഴയാറ്റിൽ മുഖ്യാതിഥിയായി. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവർക്കുള്ള എക്‌സലൻസ് അവാർഡുകൾ ഡോ. ഹർഷജൻ പഴയാറ്റിലും സ്‌പൈസസ് ബോർഡ് ചെയർപേഴ്‌സണും എസ്.എൻ.ഡി.പി യോഗം കേന്ദ്ര വനിതാസംഘം സെക്രട്ടറിയുമായ അഡ്വ. സംഗീത വിശ്വനാഥനും ഈസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഒ: എം.ജെ.ജിജോയും സമർപ്പിച്ചു.
സിറ്റി പൊലീസ് നടത്തിയ ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തിയ റീൽസ് മത്സരവിജയികൾക്കുള്ള സമ്മാനദാനം കമ്മിഷണർ നിർവഹിച്ചു.
കേരള ഗ്രാമീൺ ബാങ്ക് റീജ്യണൽ മാനേജർ സി.ശ്രീലത വർമ്മ, ഇ ട്യൂട്ടർ മാനേജിംഗ് ഡയറക്ടർ പി.എസ്.കെ.സുരേഷ് കുമാർ എന്നിവർ കമ്മിഷണറിൽ നിന്ന് ആദരമേറ്റുവാങ്ങി. ധനലക്ഷ്മി ബാങ്ക് മണ്ണുത്തി ബ്രാഞ്ച് മാനേജർ എച്ച്.ദിവ്യയെ എസ്.എച്ച്.ഒ: എം.ജെ.ജിജോ ആദരിച്ചു. ഡോ.ഹർഷജൻ പഴയാറ്റിൽ, കമ്മിഷണർ ആർ.ഇളങ്കോ എന്നിവർക്ക് പ്രഭുവാര്യർ ഉപഹാരം നൽകി. നാർകോട്ടിക് സെൽ എ.എസ്.ഐ: സനീഷ്, എജ്യുക്കേഷണൽ സൈക്കോളജിസ്റ്റ് പി.യഹിയ എന്നിവർ പങ്കെടുത്തു. കേരളകൗമുദി ഡി.ജി.എം: എം.പി.ഗോപാലകൃഷ്ണൻ സ്വാഗതവും ബ്യൂറോ ചീഫ് ഭാസി പാങ്ങിൽ നന്ദിയും പറഞ്ഞു.
ഏറ്റവും വലിയ സ്നേഹവും കരുതലും
മാതാപിതാക്കളുടേത്: പ്രഭു വാര്യർ
തൃശൂർ: ഏറ്റവും വലിയ സ്നേഹവും കരുതലും മാതാപിതാക്കളുടേതാണെന്ന് വിദ്യാർത്ഥികൾ തിരിച്ചറിയണമെന്ന് കേരളകൗമുദി ഡെപ്യൂട്ടി എഡിറ്ററും തൃശൂർ, കൊച്ചി യൂണിറ്റ് ചീഫുമായ പ്രഭു വാര്യർ. കേരളകൗമുദി തൃശൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 'ബോധപൗർണമി' ലഹരിവിരുദ്ധ ബോധവത്കരണ ക്യാമ്പയിനിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
അച്ഛനമ്മമാരുടെ രക്തത്തിന്റെ ഭാഗമാണ് ഒരോരുത്തരും. വാഹനങ്ങൾക്ക് ബ്രേക്ക് എന്നതു പോലെയാണ് രക്ഷിതാക്കളുടെ നിയന്ത്രണങ്ങളെന്ന് കുട്ടികൾ മനസിലാക്കണം. അവർ കഴിഞ്ഞാൽ പിന്നെ ജാഗ്രതയോടെ വിദ്യാർത്ഥികളെ സംരക്ഷിക്കാൻ പൊലീസും മാദ്ധ്യമങ്ങളുമെല്ലാമുണ്ട്. പക്ഷേ, പലർക്കും അവരുടെ ജീവിതത്തിന്റെ ലക്ഷ്യമെന്താണെന്ന് തിരിച്ചറിയാനാവുന്നില്ലെന്നതാണ് യാഥാർത്ഥ്യമെന്നും അദ്ദേഹം പറഞ്ഞു.
തെറ്റുകൾ തിരുത്തി മുന്നോട്ട് പോകാൻ
സാധിക്കണം : അഡ്വ.സംഗീത വിശ്വനാഥ്
തൃശൂർ: ചെറുപ്പത്തിലെ തെറ്റുകൾ എളുപ്പത്തിൽ മായ്ച്ചുകളയാൻ സാധിക്കുമെങ്കിലും ആ പ്രായം കഴിഞ്ഞ തെറ്റുകൾ മായ്ച്ചുകളയാൻ പ്രയാസപ്പെടുമെന്നും സ്‌പൈസസ് ബോർഡ് വൈസ് ചെയർപേഴ്സൺ അഡ്വ. സംഗീത വിശ്വനാഥ് പറഞ്ഞു. ചെറിയ ചെറിയ തെറ്റുകൾ തിരിച്ചറിഞ്ഞ് അതിനെ തിരുത്തി മുന്നോട്ടു പോകാൻ സാധിക്കണം. സമൂഹത്തിലെ വെല്ലുവിളികൾ എന്തൊക്കെയാണ് നാം തിരിച്ചറിയണം. അതിൽ ഏതെല്ലാമാണ് നല്ലത്, ഏതെല്ലാമാണ് ചീത്ത എന്ന നമ്മൾക്ക് തിരിച്ചറിയാനും സാധിക്കണം. സമൂഹത്തിൽ എന്ത് നടന്നാലും തങ്ങളെ ബാധിക്കുന്നില്ലായെന്ന ചിന്തയുള്ളവർ ഉണ്ട്. അങ്ങനെയുള്ള മനുഷ്യരെയല്ല നമുക്ക് ആവശ്യം. എല്ലാവരെയും നന്മയിലേക്ക് നയിക്കാൻ സാധിക്കുന്നവരാണ് ഈ നാടിന് ആവശ്യമെന്നും സംഗീത വിശ്വനാഥ് കൂട്ടിച്ചേർത്തു.
തിരുത്തലുകൾ കുടുംബത്തിൽ നിന്ന് വേണം: ഫാ. ഹർഷജൻ പഴയാറ്റിൽ
തൃശൂർ: കുട്ടികളിൽ നിന്ന് വരുന്ന തെറ്റുകളുടെ തിരുത്തലുകൾ കുടുംബത്തിൽ നിന്ന് തുടങ്ങണമെന്ന് പുതുക്കാട് പ്രജോതി നികേതൻ സ്ഥാപകനും ഡയറക്ടറുമായ ഫാ. ഹർഷജൻ പഴയാറ്റിൽ പറഞ്ഞു. കുടുംബമാണ് അടിത്തറ. അത് ഇളകിയാൽ തീർന്നു. പിള്ളേരുടെ പോക്ക് കണ്ടാൽ അറിയാം എങ്ങോട്ടേക്കാണ് എന്ന്. ഈ തലമുറ ഈ രീതിയിൽ മൂന്നോട്ടു പോയാൽ നമുക്ക് ഭാവി ഉണ്ടാകില്ല. വിദ്യാഭ്യാസത്തിലൂടെ മാത്രമേ കുട്ടികളെ നന്നാക്കാനാകൂ.
കുടുംബത്തിൽ നിന്നും തിരുത്തൽ തുടങ്ങണം. നിങ്ങൾ നഷ്ടപ്പെട്ടാൽ അതിന്റെ നഷ്ടം കുടുംബത്തിനാണ്, ലോകത്തിനാണ് . അച്ചടക്കം നഷ്ടപ്പെടുന്ന സമൂഹമായി ഇന്ന് മാറിക്കൊണ്ടിരിക്കുന്നു. പൊലീസിനെ മാത്രമാണ് എല്ലാവർക്കും പേടിയെന്ന സ്ഥിതിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പഠനം തുടർന്നുകൊണ്ടിരിക്കണം:
ഈസ്റ്റ് എസ്.എച്ച്.ഒ എം.ജെ.ജിജോ.
തൃശൂർ: പഠനം എന്നത് ഹ്രസ്വകാലത്തേയ്ക്കായി മാത്രമുളളതല്ല, അത് എല്ലാക്കാലത്തും തുടർന്നുകൊണ്ടേയിരിക്കേണ്ടതാണെന്ന് ഈസ്റ്റ് എസ്.എച്ച്.ഒ എം.ജെ.ജിജോ. കുറേ പഠിക്കുമ്പോൾ മടുപ്പു താേന്നാമെങ്കിലും അത് അവസാനിപ്പിക്കാൻ പാടില്ല. തുടർച്ചയായി പഠിച്ചു കൊണ്ടിരിക്കണം. ഇതൊരു ഹ്രസ്വദൂര ഓട്ടമത്സരമല്ല. ദീർഘദൂര മാരത്തോൺ ഓട്ടമാണെന്ന് വിദ്യാർത്ഥികൾ തിരിച്ചറിയണം. പഠനത്തിന്റെ ഇടവേളകളിൽ ഇതുപോലെയുളള ബോധവത്കരണ പ്രവർത്തനങ്ങളിലും പാഠ്യേതര പ്രവർത്തനങ്ങളിലും പങ്കെടുക്കണം. അത് നൽകുന്ന ഊർജം ചെറുതല്ലെന്നും അദ്ദേഹം പറഞ്ഞു.
പരീക്ഷാസമ്മർദ്ദം അകറ്റാൻ ലഹരിക്ക്
അടിമപ്പെടരുത്: പി.എസ്.കെ.സുരേഷ് കുമാർ
തൃശൂർ: പരീക്ഷാസമ്മർദ്ദം കുറയ്ക്കാൻ പ്രൊഫഷണൽ വിദ്യാർത്ഥികൾ അടക്കം ലഹരി വസ്തുക്കൾക്ക് അടിമപ്പെടുന്നുണ്ടെന്നും അത്തരം ചിന്തകളിൽ നിന്ന് അവർ പിന്തിരിയണമെന്നും ഇ-ട്യൂട്ടർ മാനേജിംഗ് ഡയറക്ടർ പി.എസ്.കെ.സുരേഷ് കുമാർ.
16 വയസു മുതലുള്ളവരാണ് ലഹരിയുടെ വലയിൽ വീണുപോകുന്നത്. കൃത്യമായി പഠിച്ചുപോകാതെ പരീക്ഷാസമയത്ത് എല്ലാം ഒരുമിച്ച് പഠിക്കാൻ ശ്രമിക്കുമ്പോൾ സമ്മർദ്ദത്തിന് അടിമപ്പെടും. അതിൽ നിന്ന് ഒഴിവാകാൻ ലഹരിവസ്തുക്കളെ ആശ്രയിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.