കൊടുങ്ങല്ലൂർ : ബൈപാസ് നിർമ്മാണത്തിലെ അശാസ്ത്രീയത പരിഹരിക്കണമെന്ന ആവശ്യവുമായി കൊടുങ്ങല്ലൂർ, മേത്തല മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി. ദേശീയപാത സർവീസ് റോഡിലെ ഗതാഗത കുരുക്ക് പരിഹരിക്കുക, രൂക്ഷമായ പൊടിശല്യത്തിന് അറുതി വരുത്തുക, മഴ പെയ്താലുള്ള റോഡിലെ ചെളി ശല്യം ഒഴിവാക്കുക, നിർമ്മാണത്തിലെ അപാകത മൂലം ഭിത്തികൾ പൊളിഞ്ഞുവീഴൽ ഭീഷണി ഒഴിവാക്കുക, തോന്നിയപ്പോലുള്ള നിർമ്മാണ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് ജനജീവതം സുരക്ഷിതമാക്കുക, യാത്ര അവകാശം സംരക്ഷിക്കുക എന്നീ ആവശ്യങ്ങളാണ് ഉന്നയിച്ചത്. കൊടുങ്ങല്ലൂർ ഗൗരിശങ്കർ സിഗ്‌നലിന് വടക്കുവശം നടന്ന ജനകീയ പ്രതിഷേധ ധർണ ഡി.സി.സി ജനറൽ സെക്രട്ടറി ടി.എം. നാസർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ഇ.എസ്.സാബു അദ്ധ്യക്ഷനായി. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ഒ.എ.ജനീഷ് മുഖ്യപഭാഷണം നടത്തി. പി.യു.സുരേഷ് കുമാർ, പി.വി.രമണൻ, വേണുഗോപാൽ എന്നിവർ സംസാരിച്ചു.