ചേലക്കര: നാട്ടിലിറങ്ങി ഭീതി പരത്തുന്ന കാട്ടാനകളെ തുരത്താൻ അടിയന്തര നടപടി. കാട്ടാനകളെ തുരത്താൻ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് ചർച്ച ചെയ്യാൻ കെ.രാധാകൃഷ്ണൻ എം.പി, എം.എൽ.എമാരായ യു.ആർ.പ്രദീപ്, സേവ്യർ ചിറ്റിലപ്പിള്ളി, സി.സി.എഫ്, സബ് കളക്ടർ, പൊലീസ് , റവന്യൂ പഞ്ചായത്ത് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, റവന്യൂ അധികൃതർ എന്നിവർ ചേർന്ന യോഗത്തിലാണ് തീരുമാനമെടുത്തത്. താത്കാലിക ആർ.ആർ.ടി രണ്ടു ദിവസം കൊണ്ട് സജ്ജമാക്കും. ഇതെല്ലാം ഉൾക്കൊള്ളുന്ന ഒരാഴ്ചയ്ക്കുള്ളിൽ ചെയ്യാൻ തീരുമാനിച്ചിരിക്കുന്ന നടപടികളുടെ ആക്ഷൻ പ്ലാൻ തയ്യാറാക്കും. പതിനേഴോളം ആനകളാണ് ഈ മേഖലയിൽ എത്തിയിട്ടുള്ളത്.


താക്കീതുമായി എം.എൽ.എ

കാട്ടാന ശല്യം പരിഹരിക്കാൻ ചേർന്ന യോഗത്തിൽ വനപാലകർക്കെതിരെ രൂക്ഷ വിമർശനവുമായി യു.ആർ.പ്രദീപ് എം.എൽ.എ. ആനകൾ സ്ഥിരമായി ഇറങ്ങി ശല്യം ചെയ്തിരുന്ന സ്ഥലങ്ങളിൽ ജോലി ചെയ്തിരുന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥർ ട്രാൻസ്ഫർ വാങ്ങി ഒന്നും ചെയ്യാതെ ഒളിച്ചിരിക്കാനുള്ള സ്ഥലം തേടിയാണോ ഇവിടെ വന്നതെന്ന് എം.എൽ.എ ചോദിച്ചു. അടിയന്തര ഇടപെടലുകളുമായി ജനപ്രതിനിധികളും മറ്റും നടക്കുകയാണ്. ജനരോഷത്തിൽ നിന്ന് വന ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന പ്രവർത്തനം നടത്തുമ്പോൾ ഏൽപ്പിക്കുന്ന ഉത്തരവാദിത്വം സമയബന്ധിതമായി ചെയ്യാൻ വനപാലകർ അലസത കാണിക്കുന്നു. അവലോകന യോഗത്തിലെടുക്കുന്ന തീരുമാനങ്ങൾ പോലും മിനുട്‌സിൽ രേഖപ്പെടുത്തുന്നില്ല. വനാതിർത്തിയിലെ അടിക്കാട് വെട്ടിതെളിക്കുന്ന നടപടി, പ്രൈമറി റെസ്‌പോൺസബിൾ ടീം രൂപീകരണം തുടങ്ങി ഏൽപ്പിച്ച പല കാര്യങ്ങളും ചെയ്യാൻ ഉദ്യോഗസ്ഥർ അലംഭാവം കാണിക്കുന്നു. യോഗത്തിൽ എം.എൽ.എ ശക്തമായ താക്കീതും നൽകി.

നടപടികൾ ഇവ

ജനജാഗ്രതാ സമിതി രൂപീകരിക്കും

ശല്യം കൂടുതലുള്ള മേഖലകളിൽ മുന്നറിയിപ്പ് ബോർഡ്
പ്രത്യേക പരിശീലനം ലഭിച്ച ഉദ്യോഗസ്ഥർ നാട്ടിൽ ഇറങ്ങുന്ന കാട്ടാനകളെ തുടർച്ചയായി നിരീക്ഷിച്ച് തുടർനടപടി സ്വീകരിക്കും.