വേലൂർ : വേലൂർ പഞ്ചായത്തിന്റെ പ്രൗഢി അറിയിച്ച് പുതിയ ഓഫീസ് കെട്ടിട സമുച്ചയം. കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷ് നിർവഹിച്ചു. വീട്ടിലിരുന്ന് തന്നെ എല്ലാ കാര്യങ്ങളും ചെയ്യാവുന്ന വിധത്തിൽ കേരളത്തിലെ സാങ്കേതിക രംഗം വികസിച്ച് കഴിഞ്ഞതായി മന്ത്രി പറഞ്ഞു. മറ്റാർക്കും സമ്മാനിക്കാനാകാത്ത ഒട്ടേറെ വികസന പ്രവർത്തനങ്ങളാണ് രണ്ടാം എൽ.ഡി.എഫ് സർക്കാർ നടത്തിയത്. വേലൂർ ഉൾപ്പെടെയുള്ള പഞ്ചായത്തുകൾ അത്തരം പ്രവർത്തനങ്ങളെ അകമഴിഞ്ഞ് പിന്തുണച്ചുവെന്നും മന്ത്രി പറഞ്ഞു.
എ.സി.മൊയ്തീൻ എം.എൽ.എ അദ്ധ്യക്ഷനായി. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ ലൈഫ് പദ്ധതിപ്രകാരമുള്ള വീടിന്റെ താക്കോൽദാനം നിർവഹിച്ചു. വേലൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ.ഷോബി, ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി വില്യംസ്, ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ ഡോ.വി.കെ.വിജയൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എ.വി.വല്ലഭൻ, ജലീൽ ആദൂർ, പഞ്ചായത്ത് പ്രസിഡന്റുമാരായ വസന്ത ലാൽ, മീനാ സാജൻ, രേഖ സുനിൽ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ സിദ്ദിഖ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കർമല ജോൺസൺ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ എന്നിവർ സംസാരിച്ചു. തുടർന്ന് ബഡ്‌സ് കുട്ടികൾ, കുടുംബശ്രീ, ആശാവർക്കർ, അങ്കണവാടി ടീച്ചേഴ്‌സ് എന്നിവരുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.