പാവറട്ടി : കോടികളുമായി സ്വകാര്യ ധനകാര്യ സ്ഥാപന മാനേജിംഗ് ഡയറക്ടർ മുങ്ങി. വെങ്കിടങ്ങ് കരുവന്തലയിൽ പ്രവർത്തിക്കുന്ന മൈത്രി ട്രേഡേഴ്‌സ് എന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടറും പാർട്ണറുമായ കരുവന്തല കിഴക്ക് ചെറുവത്തൂർ വീട്ടിൽ സെബാസ്റ്റ്യനാണ് കോടികളുമായി മുങ്ങിയത്.

ലയൺസ് ക്ലബ് ഒഫ് വെങ്കിടങ്ങ് സെൻട്രൽ മുൻ പ്രസിഡന്റ്, ഫോട്ടോഗ്രാഫർ, മോട്ടിവേഷൻ സ്പീക്കർ, സന്മാർഗ്ഗ അദ്ധ്യാപകൻ, പള്ളി ക്വയറിൽ സംഗീത ഉപകരണ വായനക്കാരനും പാട്ടുകാരനും എന്നീ നിലകളിലുള്ള സ്വാധീനം ഉപയോഗിച്ച് ഉയർന്ന പലിശ വാഗ്ദാനം ചെയ്താണ് പണം തട്ടി മുങ്ങിയത്.

ഒരു ലക്ഷം മുതൽ 50 ലക്ഷം വരെ തട്ടിപ്പിന് ഇരയായിട്ടുണ്ട്. നൂറിലധികം വ്യക്തികളിൽ നിന്ന് ഏകദേശം മൂന്ന് കോടിയിലധികം രൂപയുടെ തട്ടിപ്പാണ് നടന്നത്. ഞായറാഴ്ച പള്ളി ക്വയറിൽ സംഗീത ഉപകരണം വായിക്കാനെത്താത്തതിനെ തുടർന്ന് ഫോൺ വിളിച്ചപ്പോൾ കിട്ടാതായതോടെ വീട്ടിൽ അന്വേഷിച്ചപ്പോൾ വീട് പൂട്ടിയ നിലയിലായിരുന്നു. ഇതോടെ ഇയാൾ മുങ്ങിയതായി മനസിലായി. പണം നഷ്ടപ്പെട്ടവർ കഴിഞ്ഞദിവസം സ്ഥാപനത്തിലെത്തി ബഹളം വയ്ക്കുകയും സ്ഥാപന പാർട്ണർമാരുമായി തർക്കമുണ്ടാവുകയും ചെയ്തു. പണം നഷ്ടപ്പെട്ട 35 ഓളം പേർ കഴിഞ്ഞ ദിവസം ഒത്തുചേർന്നിരുന്നു. പാവറട്ടി പൊലീസിൽ പണം നഷ്ടപ്പെട്ട പലരും വ്യക്തിപരമായി പരാതി നൽകുകയും ചെയ്തിട്ടുണ്ട്.