ചാലക്കുടി: ഉന്നത വിദ്യാഭ്യാസവും തൊഴിലും സ്വന്തമാക്കൽ മാത്രമല്ല വിദ്യാർത്ഥികളുടെ കടമയെന്നും നാടിന്റെ നിലനിൽപ്പുതന്നെ അവരിൽ അർപ്പിതമാണെന്ന കാഴ്ചപ്പാട് അവർക്ക് വേണമെന്നും തൃശൂർ റൂറൽ എസ്.പി ബി.കൃഷ്ണകുമാർ പറഞ്ഞു. കേരള കൗമുദി സംഘടിപ്പിച്ച ലഹരി വിരുദ്ധ ക്യാമ്പയിൻ ബോധ പൗർണ്ണമി എസ്.എൻ.ജി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിദ്യാർത്ഥി സമൂഹം ഏറ്റവും ജാഗരൂകരാകേണ്ട കാലഘട്ടമാണ് ഇന്ന്. സാങ്കേതിക വിദ്യയുടെ അനന്ത സാദ്ധ്യതകൾ മലർക്കെ തുറന്നിട്ടിരിക്കുന്ന ഇന്റർനെറ്റ് യുഗത്തിൽ അവർ അറിയാതെ തെറ്റിലേക്ക് വഴിമാറാനുള്ള ഭീകര സാഹചര്യം പതിയിരിക്കുന്നു. ആധുനിക കാലഘട്ടത്തിൽ ലഹരിയുടെ അദൃശ്യ കരങ്ങൾ എല്ലായിടത്തുമുണ്ട്. ഇവയെ തിരിച്ചറിയാൻ വിദ്യാർത്ഥികൾക്ക് കഴിയണം. നമ്മുടെ കൈകൾ പോലെയാണ് ഇക്കാലത്ത് മൊബൈൽ ഫോൺ. ദൈനംദിനം ഇവ കൈകാര്യം ചെയ്യുമ്പോൾ വ്യക്തമായ തിരിച്ചറിവില്ലാതെ എത്രയോ നിയമ ലംഘനമാണ് ഭൂരിപക്ഷവും നടത്തുന്നത്. ഇത്തരം അവബോധം സൃഷ്ടിക്കൽ പത്രവായനയിലൂടെ സാധിക്കും. യുക്തിക്കും വരിക്കൾക്കിടയിലെ ചിന്തകൾക്കും പത്രവായന ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം പ്രവർത്തനങ്ങളിലൂടെ കേരള കൗമുദി ചെയ്യുന്നത് നാടിന്റെ നന്മയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിദ്യാർത്ഥികൾക്കുള്ള എക്‌സലൻസ് അവാർഡുകൾ ജില്ലാ പൊലീസ് സൂപ്രണ്ട് വിതരണം ചെയ്തു. കേരള കൗമുദി കൊച്ചി -തൃശൂർ യൂണിറ്റ് ചീഫും ഡെപ്യൂട്ടി എഡിറ്ററുമായ പ്രഭുവാര്യർ അദ്ധ്യക്ഷത വഹിച്ചു. ചാലക്കുടി ഡിവൈ.എസ്.പി പി.സി.ബിജുകുമാർ, കേന്ദ്ര റബ്ബർ ബോർഡ് വൈസ് ചെയർമാൻ കെ.എ.ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. മദ്യ വിരുദ്ധ പ്രവർത്തകൻ ആന്റണി പന്തല്ലൂക്കാരനെ ജില്ലാ പൊലീസ് സൂപ്രണ്ട് ആദരിച്ചു. എസ്.എച്ച്.ഒമാരായ എം.കെ.സജീവ് (ചാലക്കുടി), അമൃതരംഗൻ (കൊരട്ടി) എന്നിവരും അവാർഡ് വിതരണം നടത്തി. പരസ്യ വിഭാഗം സീനിയർ മാനേജർ പി.ബി.ശ്രീജിത്ത് സ്വാഗതവും ചാലക്കുടി ലേഖകൻ കെ.വി.ജയൻ നന്ദിയും പറഞ്ഞു. നഗരസഭ കൗൺസിലർ വി.ജെ.ജോജി, മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് ജോയ് മൂത്തേടൻ, കേരള കോൺഗ്രസ് (എം) നിയോജക മണ്ഡലം പ്രസിഡന്റ് പോളി ഡേവിസ്, റെയ്‌സൻ ആലുക്ക (മർച്ചന്റ്‌സ് അസോസിയേഷൻ) തുടങ്ങിയവർ സന്നിഹിതരായി. കേന്ദ്ര റബ്ബർ ബോർഡ് വൈസ് ചെയർമാൻ കെ.എ.ഉണ്ണികൃഷ്ണനെ ചടങ്ങിൽ യൂണിറ്റ് ചീഫ് പ്രഭുവാര്യർ പൊന്നാട അണിയിച്ചു.
'ഓരോ വിജയത്തിന് പിന്നിലും
അച്ഛനമ്മമാരുടെ ത്യാഗമുണ്ട്'
ചാലക്കുടി: ഓരോ കുട്ടിയുടെ വിജയത്തിന് പിന്നിലും അവരുടെ അച്ഛനമ്മമാരുടെ ത്യാഗമുണ്ടെന്ന് കേന്ദ്ര റബർ ബോർഡ് അംഗം കെ.എ.ഉണ്ണിക്കൃഷ്ണൻ. കേരളകൗമുദിയും തൃശൂർ റൂറൽ പൊലീസും ചേർന്ന് ചാലക്കുടിയിൽ സംഘടിപ്പിച്ച ലഹരിവിരുദ്ധ ക്യാമ്പയിൻ ബോധപൗർണമി, എക്‌സലൻസ് അവാർഡ് വിതരണച്ചടങ്ങിൽ ആശംസയർപ്പിക്കുകയായിരുന്നു അദ്ദേഹം. രക്ഷിതാക്കളുടെ ത്യാഗം മനസിലാക്കി ഓരോ വിദ്യാർത്ഥിയും ജീവിത വിജയം കണ്ടെത്താൻ ശ്രമിക്കണം. മയക്കുമരുന്നിനെതിരായ പോരാട്ടത്തിൽ കേരളകൗമുദിയെ അഭിനന്ദിക്കുന്നതായും ഉണ്ണിക്കൃഷ്ണൻ പറഞ്ഞു.
'ലഹരിയെ ചെറുക്കാൻ രക്ഷിതാക്കളും
സമൂഹവും ഉണരണം'
ചാലക്കുടി: സംസ്ഥാനത്ത് ഏറ്റവുമധികം ലഹരിക്ക് അടിമപ്പെടുന്നത് കൗമാരക്കാരാണെന്നും ലഹരിയെ ചെറുക്കാൻ പൊലീസിനും എക്സൈസിനും മാത്രം കഴിയില്ലെന്നും ചാലക്കുടി ഡിവൈ.എസ്.പി: പി.സി.ബിജുകുമാർ. കേരളകൗമുദിയും തൃശൂർ റൂറൽ പൊലീസും ചേർന്ന് സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവത്കരണ ക്യാമ്പയിനായ ബോധപൗർണമിയിൽ ആശംസയർപ്പിക്കുകയായിരുന്നു അദ്ദേഹം.
വടക്കെ ഇന്ത്യയിൽ നിന്നും മറ്റിതര സംസ്ഥാനങ്ങളിൽ നിന്നും മറ്റുമാണ് ലഹരി നാട്ടിലേക്ക് എത്തുന്നത്. മക്കൾ ലഹരി ഉപയോഗിക്കുന്നത് അച്ഛനമ്മമാർ അറിയാറില്ല. എന്നാൽ യുവതലമുറയിൽ നിന്നും ലഹരിയെ അകറ്റാൻ രക്ഷിതാക്കളും സമൂഹവും ഉണർന്നു പ്രവർത്തിക്കണമെന്നും ബിജുകുമാർ അഭിപ്രായപ്പെട്ടു.