sthalam
കൊട്ടേക്കാട് മുണ്ടൂർ റോഡ് വികസനത്തിന് സ്ഥലം വിട്ടുനൽകി കുറ്റൂർ പള്ളി.

കുറ്റൂർ: കൊട്ടേക്കാട് - മുണ്ടൂർ റോഡ് വികസനത്തിന് സ്ഥലം വിട്ടുനൽകി കുറ്റൂർ മേരിമാത പള്ളി. സെന്റിന് 12 ലക്ഷത്തോളം രൂപ വില വരുന്ന പള്ളിയുടെ മുൻ വശത്തെ അര സെന്റോളം വരുന്ന ഭൂമിയാണ് റോഡ് നവീകരണത്തിനായി സൗജന്യമായി നൽകിയത്. സ്ഥലം സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എയുടെ നേതൃത്വത്തിൽ സന്ദർശിച്ച് രേഖകൾ കൈമാറി.
ഭൂമി ഏറ്റെടുത്തതിന്റെ രേഖകൾ ഇടവക വികാരി ഫാ.ജോജു പൊറുത്തൂർ, ഇടവക അസിസ്റ്റന്റ് വികാരി ഫാ.ആൽബിൻ ചൂണ്ടൽ എന്നിവർക്ക് ' എം.എൽ.എ കൈമാറി. പി.ഡബ്ല്യു.ഡി അസിസ്റ്റന്റ് എൻജിനീയർ യു.ആർ. രജിത, കോലഴി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ഡി വികാസ് രാജ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഉഷ രവീന്ദ്രൻ, പ്രകാശ് ഡി ചിറ്റിലപ്പിള്ളി എന്നിവർ പങ്കെടുത്തു. കൊട്ടേക്കാട് - മുണ്ടൂർ റോഡിന്റെ ബി.എം ആൻഡ് ബി.സി നിലവാരത്തിൽ 12.70 കോടി രൂപ ചെലവഴിച്ചാണ് നവീകരിക്കുന്നത്.



പള്ളിയുടെ മുൻവശത്തുള്ള വളവുകളിൽ കട്ട വിരിച്ച് റോഡ് നവീകരിക്കുന്നതിനും അപകട സാധ്യത ഒഴിവാക്കാനും സൗജന്യമായി സ്ഥലം വിട്ടു നൽകിയ പ്രവർത്തനം എല്ലാവർക്കും മാതൃകയാണ്.
സേവ്യർ ചിറ്റിലപ്പള്ളി എം.എൽ.എ

മുണ്ടൂർ കൊട്ടേക്കാട് റോഡിൽ കുറ്റൂർ പള്ളിക്ക് മുൻവശം വലിയ വളവായിരുന്നു. പള്ളി ഈ സ്ഥലം വിട്ടുകൊടുക്കുന്നതോടെ വാഹനങ്ങൾക്ക് സൗകര്യമായി തിരിഞ്ഞുപോകാൻ സാധിക്കും. അതിന് ഇടവകക്കാരുടെ അനുവാദം കിട്ടിയതും ഒരു മാതൃകയാണ്.
ഫാ. ജോജു പൊറുത്തൂർ