ചാലക്കുടി: ആന ശല്യത്തിന് പിന്നാലെ പുലിപ്പേടിയിൽ അതിരപ്പിള്ളിയും സമീപ പ്രദേശങ്ങളും. രണ്ടു ദിവസം മുമ്പ്് വെറ്റിലപ്പാറ പതിനാലിൽ തൊഴുത്തിൽ കെട്ടിയിട്ടിരുന്ന സുരേന്ദ്രന്റെ പശുവിനെ പുലി ആക്രമിച്ചത് നാട്ടുകാരുടെ ഉറക്കം കെടുത്തിയിരിക്കുകയാണ്. സുരേന്ദ്രന്റെ വീട്ടിലെ തൊഴുത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ വെറ്റിലപ്പാറ പതിനാലിൽ പുതിയേടത്ത് സുരേഷിന്റെ വീട്ടിലാണ് പശുവിലെ കെട്ടിയിരുന്നത്. ഇവിടെവച്ചാണ് പുലിയുടെ ആക്രമണം ഉണ്ടായത്. പശുവിന്റെ പകുതിയിലേറെ ഭാഗം പുലി ഭക്ഷിച്ചിരുന്നു. പിറ്റേദിവസം രാത്രിയിലും പശുവിന്റെ അവശേഷിക്കുന്ന ഭാഗങ്ങൾ പുലി ഭക്ഷിച്ചിരുന്നു. സ്ഥലത്തെത്തിയ വനപാലകരുടെ നിർദ്ദേശ പ്രകാരമായിരുന്നു ജഡത്തിന്റെ അവശേഷിച്ച ഭാഗങ്ങൾ മറവു ചെയ്യാതെ പരീക്ഷണാർത്ഥം സംഭവ സ്ഥലത്ത് ഉപേക്ഷിച്ചത്. നിരീക്ഷണ ക്യാമറ സ്ഥാപിച്ചായിരുന്നു പരീക്ഷണം. എന്നാൽ അവശിഷ്ടങ്ങൾ ഭക്ഷിച്ച് പോയ പുലിയുടെ ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞില്ലെന്ന് വനപാലകർ അറിയിച്ചു. നാല് ദിവസം മുമ്പ് പിള്ളപ്പാറയിൽ സിറ്റൗട്ടിൽ കെട്ടിയിരുന്ന നായയെ പുലി ആക്രമിച്ചതും വീട്ടുകാർ നോക്കി നിൽക്കെയാണ്.
ഏറെക്കാലമായി വീട്ടുപറമ്പുകളിൽ എത്തുന്ന കാട്ടാനകളെ തുരത്താൻ രാത്രിയിൽ കാവലിരിക്കുന്ന നാട്ടുകാർ രാത്രിയായാൽ പുറത്തിറങ്ങാൻ ഭയപ്പെടുകയാണ്. പുലികളെത്തിയ സ്ഥലങ്ങളിൽ കൂട് വയ്ക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇതിനുള്ള മുന്നൊരുക്കത്തിലാണ് വനപാലകർ. ഇതിന്റെ മുന്നോടിയായി രാത്രികാല നിരീക്ഷണം ശക്തമാക്കാൻ കൊന്നക്കുഴി ഫോറസ്റ്റ് സ്‌റ്റേഷൻ ഉദ്യോഗസ്ഥർ നടപടികൾ സ്വീകരിച്ചു.
ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞില്ല
പുലി ഭക്ഷിച്ച പശുവിന്റെ അവശിഷ്ടങ്ങൾ നിരീക്ഷണ ക്യാമറ സ്ഥാപിച്ചാണ് തൊഴുത്തിൽ ഉപേക്ഷിച്ചത്.എന്നാൽ ബാക്കി ഭാഗങ്ങളും ഭക്ഷിച്ച് പോയ പുലിയുടെ ദൃശ്യങ്ങൾ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞില്ല. കനത്ത മഴയാണ് ഇതിന് തടസമായതെന്നാണ് വനപാലകരുടെ വാദം. എന്നാൽ
പ്രവർത്തന ക്ഷമമല്ലാത്ത ക്യാമറയാണ് സ്ഥലത്ത് സ്ഥാപിച്ചതെന്ന് നാട്ടുകാർ പറയുന്നു. ഇതാണ് രണ്ടാം തവണയും എത്തിയ പുലിയുടെ ദൃശ്യം പതിയാതിരുന്നതെന്നാണ് ആരോപണം.പിന്നീട് സംഭവ സ്ഥലത്ത് രണ്ട് നിരീക്ഷണ ക്യാമറകൾ കൂടി സ്ഥാപിച്ചു.
ജീവൻ പണയപ്പെടുത്തിയാണ് ജനങ്ങൾ വീടുകളിൽ കഴിയുന്നത്. പ്രശ്‌നത്തിൽ വനംവകുപ്പ്് ഇടപെട്ട്്് നാട്ടുകാരുടെ സമാധാന ജീവിതം ഉറപ്പുവരുത്തണം.
കെ.എ.സുരേഷ്പരിസര വാസി