1

കാണിപ്പയ്യൂർ: കൊച്ചുമകളുടെ പിറന്നാൾ ആഘോഷം കഴിഞ്ഞ് മടങ്ങിയതായിരുന്നു അപകടത്തിൽ മരിച്ച പുഷ്പയും ഭർത്താവ് ആന്റോയും. ഇന്നലെ ഉച്ചയ്ക്കായിരുന്നു മകളുടെ കുഞ്ഞിന്റെ പിറന്നാൾ ആഘോഷം. കുന്നംകുളം വ്യാപാര ഭവനിലായിരുന്നു ആഘോഷം. ഉച്ചയ്ക്ക് കേക്ക് മുറിക്കലും സദ്യയും ആഘോഷവുമൊക്കെ കഴിഞ്ഞ് മൂന്നര കഴിഞ്ഞപ്പോഴാണ് രണ്ട് പേരും വീട്ടിലേക്ക് മടങ്ങിയത്.

ബന്ധുക്കളും മറ്റുള്ളവരുമായും സൗഹൃദം പങ്കിട്ട ശേഷം വീട്ടിൽപോയി വിശ്രമിക്കട്ടെയെന്ന് പറഞ്ഞാണ് ഇരുവരും കാറിൽ യാത്ര പുറപ്പെട്ടത്. സ്ഥിരം അപകടമുണ്ടാകുന്ന സ്ഥലത്ത് വച്ചാണ് ഇവരുടെ കാറും അപകടത്തിൽപെട്ടത്. ഓട്ടോയെ മറികടക്കുന്നതിനിടെ ആംബുലൻസുമായി നേരിട്ട് കൂട്ടിയിടിച്ച് കാർ പിന്നിലേക്ക് തെറിച്ചു. പുഷ്പയെയും ഭർത്താവ് ആന്റോയെയും കാറിൽ നിന്ന് ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും പുഷ്പ മരിച്ചു. നിരവധി അപകടങ്ങളാണ് ഇവിടെ ഉണ്ടായിട്ടുള്ളത്. 20 വർഷം മുമ്പ് വലിയ ഒരു അപകടത്തിന് ഇവിടെ സാക്ഷ്യം വഹിച്ചിരുന്നു.

വിവാഹ പാർട്ടി സഞ്ചരിച്ചിരുന്ന വാനും ബസും കൂട്ടിയിടിച്ച് 15 പേർ മരിച്ച സ്ഥലമാണിത്. വാനിൽ 18 പേരുണ്ടായതിൽ 15 പേരും മരിച്ചു. വൻ അപകടങ്ങൾ ഉണ്ടാകുന്ന സ്ഥലമാണിത്. ചെറിയ ഇറക്കത്തിലൂടെ അതിവേഗത്തിലാണ് വാഹനങ്ങൾ ഇതുവഴിയെത്തുക. വൻ അപകടമുണ്ടായതിനെ തുടർന്ന് കുറച്ചുകാലം വേഗ നിയന്ത്രണമൊക്കെ ഉണ്ടായിരുന്നെങ്കിലും പിന്നീട് അതൊക്കെ മറന്നു. അപകടവും മരണവും ഉണ്ടാകുമ്പോൾ മാത്രമാണ് എല്ലാവരും ഉണരുകയുള്ളൂവെന്നതാണ് സങ്കടകരമെന്ന് നാട്ടുകാർ പറഞ്ഞു.

2006 മേയ് 28


വിവാഹസംഘം സഞ്ചരിച്ചിരുന്ന ട്രാവലറും ബസും കൂട്ടിയിടിച്ച് ട്രാവലർ മറിഞ്ഞ് വിവാഹ സംഘത്തിലെ 15 പേർ മരിച്ചു. 25 ഓളം പേർക്ക് പരിക്കേറ്റു.